പഹല്‍ഗാം ഭീകരാക്രമണത്തെ കശ്മീര്‍ ജനത ഒറ്റക്കെട്ടായി എതിര്‍ത്തു; അത് അഭൂതപൂര്‍വമായ അനുഭവമായിരുന്നു: യൂസഫ് തരിഗാമി

''ഹിന്ദു മുസ്ലീം എന്നിങ്ങനെ ചിലര്‍ മതത്തെ ചൂഷണം ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ ഇതിന് നിന്നുകൊടുക്കാതെ സാമുദായിക ഐക്യം എപ്പോഴും സൂക്ഷിക്കുക''
പഹല്‍ഗാം ഭീകരാക്രമണത്തെ കശ്മീര്‍ ജനത ഒറ്റക്കെട്ടായി എതിര്‍ത്തു; അത് അഭൂതപൂര്‍വമായ അനുഭവമായിരുന്നു: യൂസഫ് തരിഗാമി
Published on


പഹല്‍ഗാം ആക്രമണത്തെ കശ്മീരിലെയും ജമ്മുവിലെയും ജനത ഒറ്റക്കെട്ടായി എതിര്‍ത്തുവെന്ന് എം.പി യൂസഫ് തരിഗാമി. ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ ഗുരുതരമായ സാഹചര്യമാണ് ഉയര്‍ന്നു വരുന്നത്. ഹിന്ദു മുസ്ലീം എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കാന്‍ പലരും ശ്രമിക്കും. പക്ഷെ അതിലൊന്നും വീഴാതെ സാമുദായിക ഐക്യം കാത്തു സൂക്ഷിക്കണമെന്നും തരിഗാമി ന്യൂസ് മലയാളത്തോട് പറഞ്ഞു.

'പഹല്‍ഗാമിലെ ആക്രമണത്തിന് ശേഷം കശ്മീരില്‍ ഗുരുതര സാഹചര്യം തന്നെയാണ് ഉണ്ടായി വരുന്നത്. പക്ഷെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വ്യത്യാസങ്ങള്‍ക്കും ആശങ്കകള്‍ക്കുമപ്പുറത്ത് കശ്മീരിലെ ജനത ഈ ആക്രമണത്തെ ഒറ്റക്കെട്ടായി നിന്ന് അപലപിച്ചു. അത് അഭൂതപൂര്‍വമായ ഒന്നാണ്. മുമ്പും തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ കശ്മീരില്‍ പ്രതിഷേധങ്ങള്‍ ചിലയിടങ്ങളില്‍ ഒക്കെ നടന്നിരുന്നു. പക്ഷെ ഇപ്പോഴുള്ളതു പോലെ വ്യാപകമായി നടന്നിരുന്നില്ല.

ഹിന്ദു മുസ്ലീം എന്നിങ്ങനെ ചിലര്‍ മതത്തെ ചൂഷണം ചെയ്യാന്‍ ശ്രമിക്കും. എന്നാല്‍ ഇതിന് നിന്നുകൊടുക്കാതെ സാമുദായിക ഐക്യം എപ്പോഴും സൂക്ഷിക്കുക എന്നതാണ് എനിക്ക് എല്ലാവരോടും പറയുവാനുള്ളത്. മതത്തിന്റെ പേരിലുള്ള തര്‍ക്കങ്ങള്‍ അപകടകരമാണ്. രാജ്യത്തിന്റെ ഐക്യത്തിന് തന്നെ ഒട്ടും നല്ലതല്ല,' തരിഗാമി പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് സംഘര്‍ഷം ഒഴിവാക്കാന്‍ മധ്യസ്ഥശ്രമവുമായി യുഎന്‍ രംഗത്തുണ്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോടും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനോടും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറസ് ഫോണില്‍ സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ യുഎന്‍ ആശങ്ക രേഖപ്പെടുത്തി.

സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെടാമെന്നും ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന ഇന്ത്യന്‍ നിലപാടും എസ് ജയശങ്കര്‍ യുഎന്നിനെ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com