കുല്‍ഗാമില്‍ പാറുന്ന ചെങ്കൊടി; മുഹമ്മദ് യൂസഫ് തരിഗാമിയെന്ന കശ്മീര്‍ 'കനല്‍ത്തരി'

ബിജെപിക്കും കൂടിയുള്ള അടിയാണ് തരിഗാമിയുടെ വിജയം
മുഹമ്മദ് യൂസഫ് തരിഗാമി
മുഹമ്മദ് യൂസഫ് തരിഗാമി
Published on



ജമ്മു കശ്മീരിനായി എക്കാലവും ശബ്ദമുയര്‍ത്തിയിട്ടുള്ള നേതാവാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമി. പതിനെട്ടാം വയസില്‍ കാര്‍ഷിക സമരങ്ങളില്‍ പങ്കെടുത്ത അതേ ആവേശത്തോടെയും ആര്‍ജവത്തോടെയുമാണ് അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെയും തരിഗാമി പ്രതിഷേധത്തിനിറങ്ങിയത്. നരേന്ദ്ര മോദി ഭരണകൂടം വിധിച്ച വീട്ടുതടങ്കലിനും ആ പോരാട്ടവീര്യത്തെ അണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. "ഞങ്ങളാരും തീവ്രവാദികളെല്ലെന്ന്" മോദി ഭരണകൂടത്തിനെതിരെ പരസ്യമായി ശബ്ദമുയര്‍ത്തി. വലതുപക്ഷ രാഷ്ട്രീയത്തെ ചെറുക്കാന്‍ ഏതറ്റംവരെ പോകാമെന്നും തരിഗാമി കാണിച്ചുതന്നു. കശ്മീര്‍ താഴ്‌വരയില്‍ സപ്തകക്ഷി മുന്നണി രൂപീകരിച്ച ഗുപ്കര്‍ പ്രഖ്യാപനങ്ങളുടെ ബുദ്ധികേന്ദ്രവും മറ്റാരുമായിരുന്നില്ല. അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന തരിഗാമിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് കുല്‍ഗാമില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും പാറിപ്പറക്കുന്ന ചെങ്കൊടി. ഇക്കാലയളവില്‍ ജമ്മു കശ്മീര്‍ നിയമസഭയിലെത്തിയ ഏക കമ്യൂണിസ്റ്റ് നേതാവെന്ന വിശേഷണം കൂടിയുണ്ട് തരിഗാമിക്ക്.

പ്രാദേശിക വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു തരിഗാമിയുടെ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. 1967ല്‍ പതിനെട്ടാം വയസില്‍ അനന്ത്നാഗ് ഡിഗ്രി കോളേജിലെ സീറ്റ് വര്‍ധനയ്ക്കായി പ്രതിഷേധം സംഘടിക്കുമ്പോള്‍, തരിഗാമിക്കൊപ്പം, പിന്നീട് ജമ്മു കശ്മീര്‍ സിപിഎം സെക്രട്ടറിയായ ഗുലാം നബി മാലിക്കും ഉണ്ടായിരുന്നു. തരിഗാമിയും മാലിക്കും ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ 36 മണിക്കൂര്‍ നിരാഹാരമിരുന്നതിനു പിന്നാലെ, കോളേജ് അധികൃതര്‍ക്ക് സീറ്റ് കൂട്ടേണ്ടിവന്നു. ഇരുവരും പിന്നീട് പ്രാദേശിക കമ്യൂണിസ്റ്റ് സംഘടനയായ റെവലൂഷണറി സ്റ്റുഡന്റ്സ് ആന്‍ഡ് യൂത്ത് ഫെഡറേഷന്റെ ഭാഗമായി. അബ്ദുല്‍ ഖാദര്‍ എന്ന കാര്‍ഷിക നേതാവിനൊപ്പം ഒട്ടനവധി കാര്‍ഷിക സമരങ്ങളിലും തരിഗാമി ഭാഗമായി. എന്നാല്‍, 1967ല്‍ സിപിഎമ്മിന്റെ ഭാഗമായ ഡെമോക്രാറ്റിക് കോണ്‍ഫറന്‍സ് അംഗമായതോടെയാണ് താരിഗാമിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുതുരൂപം പ്രാപിക്കുന്നത്. അവിടെ റാം പ്യാര സറാഫിനൊപ്പമായിരുന്നു തരിഗാമിയുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍. സറാഫ് സിപിഎമ്മിനെ വിട്ട് നക്സല്‍ പ്രസ്ഥാനത്തിലേക്ക് പോയപ്പോള്‍, തരിഗാമിയും അതേ പാത സ്വീകരിച്ചു.

1975ല്‍ ഇന്ദിര ഗാന്ധിയും ഷെയ്ഖ് അബ്ദുള്ളയും ഒപ്പുവെച്ച കരാറിനെത്തുടര്‍ന്ന് കശ്മീര്‍ കേന്ദ്ര ഭരണത്തിന്റെ ഭാഗമായി മാറിയിരുന്നു. അതേസമയം, കശ്മീരിന് സ്വയം നിര്‍ണയാധികാരം വേണമെന്നായിരുന്നു തരിഗാമിയുടെ വാദം. ആവശ്യം ഉന്നയിച്ച് തരിഗാമി രംഗത്തെത്തി. പ്രതിഷേധവും ആക്ടിവിസവും അദ്ദേഹത്തെ ജയിലിലുമെത്തിച്ചു. ജയില്‍വാസത്തിനിടെയായിരുന്നു ഭാര്യയുടെ മരണം. ഇതോടെ, കോടതി അദ്ദേഹത്തിന് ഒരു മാസം പരോള്‍ അനുവദിച്ചു. എന്നാല്‍, മൂന്ന് ദിവസങ്ങള്‍ക്കുശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു.

1979ല്‍, പാക് പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ കൊല്ലപ്പെട്ടത് കശ്മീരില്‍ കലാപങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. പിന്നാലെ, തരിഗാമി ഉള്‍പ്പെടെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ പൊതു സുരക്ഷ ആക്ട് പ്രകാരം ജയിലിലായി. ഈ സംഭവങ്ങള്‍ക്കു പിന്നാലെ, മാലികും തരിഗാമിയും സിപിഎമ്മിലേക്ക് തിരിച്ചെത്തി. അതിനുശേഷം കുല്‍ഗാമില്‍ മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. അതിനിടെ, കര്‍ഷക പ്രതിഷേധം ഉള്‍പ്പെടെ നിരവധി ജനകീയ സമരങ്ങളില്‍ പങ്കാളിയായി. പലതവണ ജയിലിലടയ്ക്കപ്പെട്ടു. പൊലീസിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കൊപ്പം തീവ്രവാദി ആക്രമണങ്ങളും തരിഗാമിക്ക് നേരിടേണ്ടിവന്നു. 2005ല്‍ തീവ്രവാദികള്‍ തരിഗാമിയുടെ വീട് ആക്രമിച്ചിരുന്നു. അന്നത്തെ ആക്രമണത്തില്‍ തരിഗാമിയുടെ സുരക്ഷാ പ്രവര്‍ത്തകരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നാലെ ശ്രീനഗറില്‍ 35 ദിവസം വീട്ടുതടങ്കലിലായിരുന്നു തരിഗാമി. 2019 ഓഗസ്റ്റില്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് റിട്ട് നല്‍കിയതും, കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. സുപ്രീം കോടതിയുടെ അനുമതിയോടെ യെച്ചൂരി തരിഗാമിയെ സന്ദര്‍ശിക്കുകയും, കശ്മീരിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആശങ്ക പൊതുസമൂഹത്തോട് വിളിച്ചുപറയുകയും ചെയ്തിരുന്നു. 2019 സെപ്റ്റംബര്‍ അഞ്ചിന് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം തരിഗാമിയെ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. ചികിത്സയ്ക്കുശേഷം തരിഗാമിയെ പിന്നീട് കശ്മീരിലേക്ക് മടങ്ങാനും അനുവദിച്ചു. 

അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നാലെ വാര്‍ത്താസമ്മേളനം വിളിച്ച ആദ്യ രാഷ്ട്രീയ നേതാവും തരിഗാമി ആയിരുന്നു. പൊതു സുരക്ഷാ നിയമത്തിന്റെ പേരില്‍ കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയെ ഉള്‍പ്പെടെ തടങ്കലിലിട്ട മോദി ഭരണകൂടത്തെ രൂക്ഷഭാഷയിലാണ് അദ്ദേഹം അന്ന് വിമര്‍ശിച്ചത്. "ഞാനും അബ്ദുള്ളയുമൊന്നും തീവ്രവാദികളല്ല, ഞങ്ങള്‍ക്കും ജീവിക്കണം... ഒരു കശ്മീരി ആണ് ഇത് പറയുന്നത്"-എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. കശ്മീരിലെ കൃഷി ഭൂമി ഉള്‍പ്പെടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വില കൊടുത്ത് വാങ്ങാമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതും തരിഗാമിയായിരുന്നു. 2020ല്‍ സപ്തകക്ഷി മുന്നണിയായി ഗുപ്കര്‍ പ്രഖ്യാപനം നടത്തിയതിന്റെ ബുദ്ധികേന്ദ്രവും മറ്റാരുമായിരുന്നില്ല. വലതുപക്ഷ രാഷ്ട്രീയത്തെ ചെറുക്കുന്നതിനൊപ്പം, കശ്മീരിന്റെ പ്രത്യേക അധികാരം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന മുന്നണിയുടെ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടതും തരിഗാമിയായിരുന്നു.

1996ലാണ് തരിഗാമി കുൽഗാമിൽ നിന്ന്‌ ആദ്യമായി നിയസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ജനതാ ദളിന്റെ ഹബീബുള്ള ലവായെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം.2002, 2008, 2014 വര്‍ഷങ്ങളില്‍ വിജയം ആവര്‍ത്തിച്ചു. 2014ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ പിഡിപിയുടെ നസീർ അഹമ്മദ് ലവായിയെ നേരിയ ഭൂരിപക്ഷത്തിലാണ് തരിഗാമി പരാജയപ്പെടുത്തിയത്. തരിഗാമി 20,574 വോട്ട് നേടിയപ്പോൾ നസീർ അഹമ്മദ് 20,240 വോട്ടുകളാണ് പിടിച്ചത്. നാഷണൽ കോൺഫറൻസ് - കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിനൊപ്പമാണ് തരിഗാമി ഇത്തവണ മത്സരിച്ചത്. സ്വതന്ത്ര സ്ഥാനാർഥി സയര്‍ അഹമ്മദ് റെഷിയായിരുന്നു തരിഗാമിയുടെ പ്രധാന എതിരാളി. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചതോടെയാണ്‌ സയർ അഹമദ്‌ റെഷിക്ക് സ്വതന്ത്രനാകേണ്ടിവന്നത്. തരിഗാമി 33,634 വോട്ടുകള്‍ നേടിയപ്പോള്‍, സയര്‍ അഹമ്മദ് റെഷിയുടെ വോട്ടുനേട്ടം 25,796ല്‍ ഒതുങ്ങി. തെരഞ്ഞെടുപ്പില്‍ ബിജെപി കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയതായി തരിഗാമി ആരോപിച്ചിരുന്നു. സിപിഎമ്മിനെ ഏതുവിധേനയും തോല്‍പ്പിക്കാനുള്ള നിഴല്‍ സഖ്യത്തിന്റെ രൂപീകരണമാണ് കശ്മീരില്‍ കണ്ടതെന്നും തരിഗാമി പറഞ്ഞിരുന്നു. ബിജെപി സർക്കാർ ജമ്മു കശ്‌മീരിനോട്‌ അനീതി കാട്ടിയെന്ന വിമർശനം ഉയർത്തിയാണ് തരിഗാമി ഇത്തവണ വോട്ട് തേടിയത്. അതിനാല്‍, തരിഗാമിയുടെ വിജയം ബിജെപിക്കും കൂടിയുള്ള അടിയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com