'കഥ പറഞ്ഞപ്പോള്‍ അമേസിങ് ആയിരുന്നു, പിന്നീട് അത് കൈവിട്ടുപോയി'; മലൈക്കോട്ടൈ വാലിബന്റെ പരാജയത്തില്‍ മോഹന്‍ലാല്‍

2024 ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തത്
'കഥ പറഞ്ഞപ്പോള്‍ അമേസിങ് ആയിരുന്നു, പിന്നീട് അത് കൈവിട്ടുപോയി'; മലൈക്കോട്ടൈ വാലിബന്റെ പരാജയത്തില്‍ മോഹന്‍ലാല്‍
Published on


മലയാള സിനിമയില്‍ വലിയ ഹൈപ്പോടെ വന്ന സിനിമയായിരുന്നു മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ വന്ന മലൈക്കോട്ടൈ വാലിബന്‍. എന്നാല്‍ ചിത്രം തിയേറ്ററില്‍ പരാജയമാവുകയായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാല്‍ സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ലിജോ ജോസ് പെല്ലിശ്ശേരി കഥ പറഞ്ഞപ്പോള്‍ അത് അതിശയകരമായിരുന്നു. എന്നാല്‍ പിന്നീട് അത് കൈവിട്ടു പോയി എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്.

'സിനിമയുടെ പരാജയങ്ങള്‍ എന്നെ ബാധിക്കാറില്ല. അത് സംഭവിക്കും. മലൈക്കോട്ടൈ വാലിബനിലേക്ക് വന്നാല്‍ ലിജോ ആ കഥ പറയുമ്പോള്‍ അത് അതിശയകരമായിരുന്നു. ഷൂട്ടിംഗ് പ്രോസസിനിടയില്‍ ആ സിനിമയുടെ കഥ വളരാന്‍ തുടങ്ങി. അങ്ങനെ അത് കൈവിട്ടു പോയി. പിന്നീട് അത് രണ്ട് ഭാഗങ്ങളായി എടുക്കാന്‍ തീരുമാനിച്ചു, എന്തിന്? ആ കാരണത്താല്‍ ആ സിനിമയുടെ ദൈര്‍ഘ്യം മാറി, ആശയം മാറി. അതിനെ ഒരു തെറ്റായി ഞാന്‍ കാണുന്നില്ല. അത് കണക്കുകൂട്ടലുകളിലെ പിഴവാണ്. ലിജോ ആ സിനിമയെ മറ്റൊരു രീതിയിലാണ് അവതരിപ്പിച്ചത്. എന്നാല്‍ പ്രേക്ഷകര്‍ ആ സിനിമയുടെ പേസുമായി കണക്റ്റായില്ല', മോഹന്‍ലാല്‍ പറഞ്ഞു.

2024 ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്തത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

അതേസമയം മോഹന്‍ലാലിന്റെ എമ്പുരാന്‍ എന്ന ചിത്രം മാര്‍ച്ച് 27ന് തിയേറ്ററിലെത്തും. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com