'1650 ദിവസങ്ങള്‍ക്കു ശേഷം മോക്ഷം ലഭിച്ചത് എനിക്കും'; ബറോസ് കാണാനെത്തി സംവിധായകന്‍ മോഹന്‍ലാല്‍

സംവിധാനത്തിനൊപ്പം സിനിമയിലെ പ്രധാന കഥാപാത്രമായ നിധി കാക്കും ഭൂതത്തിന്റെ വേഷം അവതരിപ്പിക്കുന്നതും മോഹന്‍ലാലാണ്
'1650 ദിവസങ്ങള്‍ക്കു ശേഷം മോക്ഷം ലഭിച്ചത് എനിക്കും'; ബറോസ് കാണാനെത്തി സംവിധായകന്‍ മോഹന്‍ലാല്‍
Published on

താന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ട്രഷേഴ്സ്' കാണാന്‍ മോഹന്‍ലാല്‍ എത്തി. കൊച്ചി ഫോറം മാളിലാണ് സിനിമ കാണാന്‍ സംവിധായകന്‍ മോഹന്‍ലാല്‍ എത്തിയത്. തന്റെ സിനിമ മുതിര്‍ന്നവരുടെ ഉള്ളിലെ കുട്ടികള്‍ക്കും കൂടി വേണ്ടിയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഇത് തനിക്കൊരു നിയോഗമായിരുന്നു. ഒരുപാട് നാള്‍ മുമ്പ് തുടങ്ങിയ സിനിമയാണ്. സിനിമ റിലീസായതോടെ മോക്ഷം കിട്ടിയത് തനിക്ക് കൂടിയാണ്. ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

1650 ദിവസങ്ങളോളം ഷൂട്ട് ചെയ്ത ചിത്രമാണ് ഇത്. അത്രയും ദിവസങ്ങള്‍ക്കു ശേഷം ബറോസിനൊപ്പം മോക്ഷം കിട്ടിയിരിക്കുന്നത് തനിക്കാണ്. 40 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയില്‍ ഒരു ത്രീഡി സിനിമ ചെയ്തിരിക്കുന്നത്. ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണിത്. ഷൂട്ട് ചെയ്ത രീതിയും സൗണ്ട് സ്‌കേപ്പുമെല്ലാം വ്യത്യസ്തമാണ്. വലിയ സിനിമ ചെയ്യണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഒരു നിയോഗം പോലെ വന്നുപെടുകയായിരുന്നു.

തന്റെ സിനിമാ ജീവിതം തുടങ്ങിയത് നവോദയയില്‍ നിന്നാണ്. ഇപ്പോള്‍ സംവിധാനം ചെയ്ത് തുടങ്ങിയതും നവോദയയില്‍ നിന്നു തന്നെ എന്നും മോഹന്‍ലാല്‍ പറഞ്ഞു.


സംവിധാനത്തിനൊപ്പം സിനിമയിലെ പ്രധാന കഥാപാത്രമായ നിധി കാക്കും ഭൂതത്തിന്റെ വേഷം അവതരിപ്പിക്കുന്നതും മോഹന്‍ലാലാണ്. മലയാളത്തിലെ ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ 'ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന കഥയെ ആധാരമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന സിനിമയുടെ തിരക്കഥയും ജിജോ പുന്നൂസ് തന്നെയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com