'സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന ഗാംഭീര്യം'; മോഹന്‍രാജിന് ആദരാഞ്ജലികളുമായി മോഹന്‍ലാല്‍

സിബി മലയില്‍ ചിത്രം കിരീടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന് വില്ലനായെത്തിയ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹന്‍രാജ് ശ്രദ്ധേയനായത്.
'സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന ഗാംഭീര്യം'; മോഹന്‍രാജിന് ആദരാഞ്ജലികളുമായി മോഹന്‍ലാല്‍
Published on



അന്തരിച്ച ചലച്ചിത്ര നടന്‍ മോഹന്‍രാജിന് ആദരാഞ്ജലികളുമായി മോഹന്‍ലാല്‍. സിബി മലയില്‍ ചിത്രം കിരീടത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സേതുമാധവന് വില്ലനായെത്തിയ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹന്‍രാജ് ശ്രദ്ധേയനായത്.

'കഥാപാത്രത്തിൻ്റെ പേരിൽ വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക എന്നത് അഭിനയസിദ്ധിയുടെ മഹാനുഗ്രഹം നേടിയ കലാകാരന് മാത്രം കിട്ടുന്ന സൗഭാഗ്യമാണ് . കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന അനശ്വര കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയപ്പെട്ട മോഹൻരാജ് നമ്മെ വിട്ടുപിരിഞ്ഞു. സേതുവിൻ്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന അദ്ദേഹത്തിൻ്റെ ഗാംഭീര്യം, ഇന്നലത്തെപ്പോലെ ഞാൻ ഓർക്കുന്നു. വ്യക്തിജീവിതത്തിൽ നന്മയും സൗമ്യതയും കാത്തുസൂക്ഷിച്ച എൻ്റെ പ്രിയപ്പെട്ട സുഹൃത്തിന് കണ്ണീരോടെ വിട '- മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ : 'പ്രതിനായക വേഷങ്ങള്‍ക്ക് പുത്തൻ രൂപഭാവങ്ങൾ നൽകിയ നടന്‍'; കഥാപാത്രത്തിന്‍റെ പേരിൽ അറിയപ്പെടുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ

നടന്‍ മമ്മൂട്ടി, സംവിധായകന്‍ സിബി മലയില്‍, മന്ത്രി സജി ചെറിയാന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തുടങ്ങിയവര്‍ മോഹന്‍രാജിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായി ചികിത്സയിലിരിക്കെ തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്ത് എത്തിയത്.

ALSO READ : 'രൂപത്തില്‍ മാത്രമായിരുന്നു മോഹന്‍രാജ് വില്ലന്‍' കിരീടത്തിലെ കീരിക്കാടന്‍ ജോസിനെ അനുസ്മരിച്ച് സിബി മലയില്‍

1988-ല്‍ പുറത്തിറങ്ങിയ മൂന്നാംമുറയാണ് ആദ്യ സിനിമ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മൂന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രം റോഷാക്ക് ആയിരുന്നു അവസാന സിനിമ.

കിരീടം, ചെങ്കോൽ, വ്യൂഹം, അതിരഥൻ, ഒളിയമ്പുകൾ, കനൽക്കാറ്റ്, ഉപ്പുകണ്ടം ബ്രദേഴ്സ്, കാസർഗോഡ് കാദർഭായ്, രജപുത്രൻ, ഹിറ്റ്ലർ, ആറാം തമ്പുരാൻ, ഗുരു, നരസിംഹം, ഷാർജ ടു ഷാർജ, ബെൻ ജോൺസൺ, മായാവി,ഹൈവേ പൊലീസ് തുടങ്ങിയവയാണ് പ്രധാന സിനിമകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com