"പെറ്റമ്മയോളം സ്നേഹം പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി"; കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാല്‍

ആറരപതിറ്റാണ്ട് നീണ്ട കരിയറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മുന്‍നിരതാരങ്ങളില്‍ പലരുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്
"പെറ്റമ്മയോളം സ്നേഹം പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി"; കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് മോഹന്‍ലാല്‍
Published on

മലയാളത്തിലെ മുതിർന്ന നടി കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചിച്ച് മോഹന്‍‌ലാല്‍. നിരവധി സിനിമകളില്‍ മോഹന്‍ലാലിന്‍റെ അമ്മ വേഷത്തിലെത്തിയ കവിയൂർ പൊന്നമ്മയെ നടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അനുസ്മരിച്ചു. അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ..എന്നാണ് മോഹന്‍ലാലിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്.  പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും നടനും  പകർന്നു തന്ന കവിയൂർ പൊന്നമ്മയെ മോഹന്‍ലാല്‍ ഓർത്തെടുത്തു. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പുമെന്നും മോഹന്‍ലാല്‍ കുറിച്ചു.

ആറരപതിറ്റാണ്ട് നീണ്ട കരിയറില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിങ്ങനെ മുന്‍നിരതാരങ്ങളില്‍ പലരുടെയും അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവും അധികം അമ്മ വേഷം ചെയ്തത് മോഹന്‍ലാലിനൊപ്പമാണ്. 50തിലധികം സിനിമകളിലാണ് മോഹന്‍ലാലിനൊപ്പം അമ്മയായി എത്തിയത്. താന്‍ പ്രസവിക്കാത്ത മകന്‍ എന്നാണ് മോഹന്‍ലാലിനെ കവിയൂര്‍ പൊന്നമ്മ വിശേഷിപ്പിച്ചിരുന്നത്. സിനിമ കണ്ടിട്ട് മോഹന്‍ലാല്‍ തന്റെ മകനാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്ന് കവിയൂര്‍ പൊന്നമ്മ തന്നെ പറഞ്ഞിട്ടുണ്ട്.

എറണാകുളം ലിസി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു പൊന്നമ്മയുടെ അന്ത്യം. പരിശോധനയിൽ സ്റ്റേജ്-4 കാൻസർ കണ്ടെത്തിയിരുന്നെന്നും രോഗം മൂർച്ഛിച്ചതാണ് മരണ കാരണമെന്നും എറണാകുളം ലിസി ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിൽ അറിയിച്ചു.


മോഹന്‍ലാലിന്‍റെ ഫോസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:


അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മച്ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു. എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെയായിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മച്ചേച്ചി മാതൃത്വം പകർന്നുതന്ന എത്രയെത്ര സിനിമകൾ. മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന ‘ഹിസ് ഹൈനസ് അബ്ദുള്ള’ യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മച്ചേച്ചി എനിക്കും..വിതുമ്പുന്ന വാക്കുകൾക്കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com