
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ മാത്യു എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാണോ താന്‍ എന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. എമ്പുരാനുമായി ബന്ധപ്പെട്ട പ്രമോഷനിടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്.
'ജയിലര്‍ 2 ഷൂട്ടിംഗ് തുടങ്ങിയിട്ടുണ്ട്. എന്നെ വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പോയി അഭിനയിക്കും. കൂടുതലൊന്നും എനിക്കറിയില്ല', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ജയിലറിന് ശേഷം നിരവധി തമിഴ് സിനിമകളില്‍ നിന്ന് ഓഫറുകള്‍ വന്നിരുന്നെന്നും എമ്പുരാന്റെ ചിത്രീകരണം കാരണം അതെല്ലാം നിരസിക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ജയിലര്‍ ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് മോഹന്‍ലാലിന്റെ മാത്യുവിന്റെ എന്‍ട്രി. രജനികാന്തിനെ സഹായിക്കാനെത്തുന്ന സുഹൃത്തായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. വലിയ കയ്യടികളോടെയാണ് മോഹന്‍ലാലിന്റെ മാത്യുവിനെ പ്രേക്ഷകര്‍ വരവേറ്റത്. ചിത്രത്തിന്റെ വലിയൊരു ഹൈലൈറ്റ് തന്നെയായിരുന്നു മാത്യൂ എന്ന കഥാപാത്രം.
അതേസമയം സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ 2ന്റെ നിര്‍മാണം. ജയിലറില്‍ വിനായകന്‍, രമ്യ കൃഷ്ണന്‍, വസന്ത്, സുനില്‍, തമന്ന, വി ടി വി ഗണേഷ് എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും കന്നഡ നടന്‍ ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും അതിഥി വേഷങ്ങളില്‍ എത്തിയിരുന്നു. വിനായകന്‍ അവതരിപ്പിച്ച വര്‍മന്‍ എന്ന വില്ലന്‍ വേഷത്തിന് മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും ലഭിച്ചിരുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആര്‍ നിര്‍മല്‍ ആയിരുന്നു നിര്‍വഹിച്ചത്. ജയിലര്‍ സിനിമയിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധ നേടിയിരുന്നു.