'അയ്യോ ഇത് എന്‍റെ സെറ്റിലാണോ നടന്നത്?'; വെളിപ്പെടുത്തലിനു പിന്നാലെ മോഹൻലാൽ വിളിച്ചതായി രാധിക ശരത്കുമാർ

നടിയുടെ വെളിപ്പെടുത്തൽ മലയാള സിനിമയേയും മോഹൻലാൽ, ദീലീപ് ഉൾപ്പെടെയുള്ള താരങ്ങളെ പ്രതിരോധത്തിലാക്കിയിരുന്നു.
'അയ്യോ ഇത് എന്‍റെ സെറ്റിലാണോ നടന്നത്?'; വെളിപ്പെടുത്തലിനു പിന്നാലെ മോഹൻലാൽ വിളിച്ചതായി രാധിക ശരത്കുമാർ
Published on



മലയാള സിനിമാ സെറ്റുകളില്‍ കാരവാനുകളില്‍ രഹസ്യ ക്യാമറ വയ്ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി നടി രാധിക ശരത് കുമാർ രംഗത്തെത്തിയത് ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. കാരവാനുകളില്‍ രഹസ്യ ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നായിരുന്നു രാധികയുടെ വെളിപ്പെടുത്തൽ. അതിനു പിറകെ മോഹൻലാൽ തെന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചതായി രാധിക പറയുന്നു.


"മോഹന്‍ലാല്‍ സാര്‍ എന്നെ വിളിച്ച് ചോദിച്ചു, അയ്യോ ഇത് എന്‍റെ സെറ്റിലാണോ നടന്നത് എന്ന്. സാര്‍, ഞാന്‍ പേര് പറയാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് പറഞ്ഞു. നിങ്ങളുടേതോ അതോ മറ്റാരുടെയെങ്കിലുമോ സെറ്റ് എന്ന കാര്യം വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്ന കാര്യം അറിയിച്ചു", രാധിക പറഞ്ഞു. നടിയുടെ വെളിപ്പെടുത്തൽ മലയാള സിനിമയേയും മോഹൻലാൽ, ദീലീപ് ഉൾപ്പെടെയുള്ള താരങ്ങളെയും പ്രതിരോധത്തിലാക്കിയിരുന്നു. ഈ നടന്മാർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനികളിലാണ് രാധിക അഭിനയിച്ചത് എന്നതും അഭ്യൂഹങ്ങൾക്ക് കാരണമായി.

തമിഴ് സിനിമയിലും സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നതായി രാധിക വെളിപ്പെടുത്തിയിരുന്നു. തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്നതാണ് പ്രധാന ആരോപണം. നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്‍റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. തുടർന്ന് യുവനടി തന്നോട് നന്ദി പറഞ്ഞാതായും രാധിക വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വന്നത് പുതിയസംഭവങ്ങളല്ലെന്നായിരുന്നു നടി രാധിക ശരത്‌കുമാർ പ്രതികരിച്ചത്. 60കൾ മുതൽ ഇത്തരം സംഭവങ്ങൾ സിനിമ മേഖലയിൽ നടക്കുന്നുണ്ട്. നാലര വർഷം റിപ്പോർട്ട് പുറത്തുവിടാതിരുന്നത് തെറ്റ് തുറന്നുപറയാൻ ശ്രമിക്കുന്നവരുടെ ആത്മവിശ്വാസം തകർക്കുന്ന നടപടിയായിരുന്നെന്നും അവർ പറഞ്ഞിരുന്നു. ന്യൂസ് മലയാളത്തോട് പ്രതികരിക്കവെയായിരുന്നു നടിയുടെ പ്രസ്താവന.

വിഷയം ചർച്ച ചെയ്ത് സിനിമ മേഖലയിൽ നിന്ന് തന്നെ പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. സ്ത്രീകളടക്കമുള്ളവർക്ക് സുരക്ഷ ഉറപ്പാക്കണം. കാരവാനിലെ ഒളിക്യാമറ നേരിട്ട് അനുഭവിച്ച വിഷയമാണെന്നും, പലപ്പോഴും കാരവാനുള്ളിൽ പോകാൻ പേടിച്ചിട്ടുണ്ട് ഒപ്പം സഹനടികൾക്ക് ഇതേ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നതായും രാധിക വെളിപ്പെടുത്തിയിരുന്നു. ഈ അവസരത്തിൽ തുറന്നുപറച്ചിലുകളല്ല പരിഹാരമാണ് വേണ്ടതെന്നും അവർ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com