എമ്പുരാനുവേണ്ടിയല്ല, ലാലു മല കയറിയത് സ്വന്തം ഇച്ചാക്കയ്ക്കുവേണ്ടി

മമ്മൂട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും, പരിശോധനയിൽ കുടലിന് അർബുദം സ്ഥിരീകരിച്ചുവെന്നും റേഡിയേഷന്‍ തുടങ്ങി എന്നുമൊക്കെ ചിലര്‍ വാര്‍ത്തകള്‍ നല്‍കി. എന്നാല്‍ എല്ലാം വ്യാജ വാര്‍ത്തകളാണെന്നായിരുന്നു മമ്മൂട്ടിയുടെ പി.ആര്‍. ടീം പ്രതികരിച്ചത്.
എമ്പുരാനുവേണ്ടിയല്ല, ലാലു മല കയറിയത്  സ്വന്തം ഇച്ചാക്കയ്ക്കുവേണ്ടി
Published on



മലയാളത്തില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് അടുക്കുന്നു. അതിനിടെ, നിര്‍മാണ പങ്കാളിയായിരുന്ന വലിയൊരു കമ്പനി പ്രോജക്ടില്‍ നിന്ന് പിന്മാറുന്നു. ചിത്രം തീയേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രം. മലയാളത്തിലെ മറ്റൊരു വലിയൊരു പ്രൊഡക്ഷന്‍ ഹൌസ് സഹായവുമായെത്തുന്നു. സര്‍വ്വതും ശുഭം. അപ്പോഴാണ് ആ ചിത്രത്തിന്റെ നായകന്‍ ഇരുമുടി കെട്ടെടുത്ത് മല കയറുന്നത്.

എക്കാലത്തെയും വലിയ പ്രോജക്ട് റിലീസാകുന്നതിനു മുന്നോടിയായി നായകന്‍ മല കയറുന്നതാണെന്ന് വാര്‍ത്തകള്‍ വന്നു. പക്ഷേ, എല്ലാത്തരം വിലയിരുത്തലുകള്‍ക്കും അല്പായുസായിരുന്നു. മല ചവിട്ടിയ നടന്‍, പേര് മുഹമ്മദ് കുട്ടി, നക്ഷത്രം വിശാഖം, ഉഷപൂജ എന്ന് പറയുന്നതുവരെ മാത്രം. മോഹന്‍ലാല്‍ ഇരുമുടി കെട്ടെടുത്ത് മല ചവിട്ടിയത് എമ്പുരാന്റെ വിജയത്തിനുവേണ്ടിയായിരുന്നില്ല. മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു നടന്‍ മമ്മൂട്ടിയുടെ ആയൂരാരോഗ്യത്തിനു വേണ്ടിയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍, മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. താരത്തിന് അർബുദം സ്ഥിരീകരിച്ചുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. മമ്മൂട്ടിയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും, പരിശോധനയിൽ കുടലിന് അർബുദം സ്ഥിരീകരിച്ചുവെന്നും റേഡിയേഷന്‍ തുടങ്ങി എന്നുമൊക്കെ ചിലര്‍ വാര്‍ത്തകള്‍ നല്‍കി. എന്നാല്‍ എല്ലാം വ്യാജ വാര്‍ത്തകളാണെന്നായിരുന്നു മമ്മൂട്ടിയുടെ പി.ആര്‍. ടീം പ്രതികരിച്ചത്.

റമദാൻ വ്രതമെടുക്കുന്നതിനായി അവധിയിലാണ് അദ്ദേഹം. ഷൂട്ടിങ്ങിൽനിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. റമദാൻ കഴിയുന്നതോടെ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിൽ സജീവമാകുമെന്നും മമ്മൂട്ടിയുടെ ടീം അറിയിച്ചതോടെയാണ്, ഊഹാപോഹങ്ങള്‍ക്ക് വിരാമമായത്. ഈ സാഹചര്യത്തില്‍ കൂടിയാണ് മോഹന്‍ലാലിന്റെ മല കയറ്റവും പൂജയും. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മോഹന്‍ലാല്‍ മല കയറിയത്. മമ്മൂട്ടിക്കും ഭാര്യ സുചിത്രയ്ക്കും വേണ്ടി പ്രത്യേക പൂജകള്‍ നടത്തി. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുത്തശേഷം, നാളെ പുലർച്ചെ നട തുറന്ന ശേഷമാകും താരം മലയിറങ്ങുക.

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം അന്നുമിന്നും ഏറെ ഹൃദ്യമാണ്, സുദൃഢമാണ്. മലയാള സിനിമയിലെ കാലപുരുഷന്മാരായി നിറഞ്ഞുനില്‍ക്കുമ്പോഴും, ഇരുവരും കാണിക്കുന്ന പരസ്പര ബഹുമാനവും സ്നേഹവും മലയാളക്കര പലപ്പോഴും കണ്ടിട്ടുണ്ട്, ചര്‍ച്ച ചെയ്തിട്ടുണ്ട്. മമ്മൂട്ടിയെ അനിയന്മാര്‍ വിളിക്കുന്നത് ഇച്ചാക്കയെന്നാണ്. കുടുംബത്തിന് പുറത്ത് അങ്ങനെ വിളിക്കുന്നൊരാള്‍ മോഹന്‍ ലാല്‍ മാത്രമാണ്. മമ്മൂട്ടിക്കാകട്ടെ മോഹന്‍ലാല്‍ അനിയനാണ്, ലാലുവാണ്. അതുകൊണ്ട് ഇപ്പോള്‍ സംഭവിച്ചതില്‍ വലിയ അത്ഭുതമൊന്നുമില്ല. കാരണം, അവര്‍ അന്നുമിന്നും, ഇനിയുള്ള കാലവും അങ്ങനെ തന്നെയായിരിക്കും. മറ്റാരെക്കൊണ്ടും അതിന് പകരംവയ്ക്കാനുമാവില്ല.







Related Stories

No stories found.
News Malayalam 24x7
newsmalayalam.com