
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് ഇന്ത്യന്‍ എല്‍ ക്ലാസിക്കോ പോരാട്ടം. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ചിരവൈരികളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. രാത്രി 7.30നാണ് കിക്കോഫ്. ഇന്ന് അഞ്ച് മണിക്ക് ആരംഭിക്കുന്ന മറ്റൊരു മത്സരത്തില്‍ ബെംഗളൂരു ഗോവയെ നേരിടും.
തുടർച്ചയായ അഞ്ച് തോൽവികൾ വഴങ്ങിയ ബ്ലാസ്റ്റേഴ്സിന് മോഹൻ ബഗാനെതിരെ വിജയം അനിവാര്യമാണ്. ഹോം ഗ്രൌണ്ടിൽ അവസാനം നടന്ന രണ്ട് മത്സരങ്ങളിലും പരാജയം വഴങ്ങിയ ബ്ലാസ്റ്റേഴ്സ് നിലവിൽ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. 11 മത്സരങ്ങളിൽ ആറിലും പരാജയപ്പെട്ട് പത്താം സ്ഥാനത്താണ് മൈക്കൽ സ്റ്റാറേയും സംഘവും. മൂന്ന് ജയം മാത്രമാണ് മഞ്ഞപ്പടയുടെ കൊമ്പന്മാരുടെ സമ്പാദ്യം.
അതേസമയം, മുൻ ചാംപ്യന്മാരും പട്ടികയിൽ ഒന്നാം സ്ഥാനക്കാരുമായ മോഹൻ ബഗാനെതിരെ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. തകർപ്പൻ ഫോമിലാണ് ബഗാൻ ഹോം ഗ്രൗണ്ടിൽ കളിക്കാനിറങ്ങുന്നത്. സീസണിൻ്റെ തുടക്കം മോശമാക്കിയെങ്കിലും ബഗാൻ ഉജ്വലമായി തിരിച്ചുവന്നിരുന്നു. അവസാന അഞ്ചിൽ നാല് മത്സരവും ബഗാൻ ജയിച്ചു. 10 മത്സരത്തിൽ ഏഴ് ജയം ഉൾപ്പെടെ 23 പോയിന്റാണ് ആതിഥേയരുടെ സമ്പാദ്യം.