700 വർഷം പഴക്കമുള്ള ശവകുടീരങ്ങൾ; യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി 'മൊയ്ദാമുകൾ'

പത്ത് വർഷങ്ങൾക്ക് മുൻപാണ് മൊയ്ദാമിനെ പൈതൃക പട്ടികയിലുൾപ്പെടുത്തണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ടുവെക്കുന്നത്
700 വർഷം പഴക്കമുള്ള ശവകുടീരങ്ങൾ; യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി 'മൊയ്ദാമുകൾ'
Published on

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം നേടി അസമിലെ 'മൊയ്ദാം' ശവകുടീരങ്ങൾ. ന്യൂഡൽഹിയിൽ നടന്ന യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ 46ാമത് യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. പത്ത് വർഷങ്ങൾക്ക് മുൻപാണ് മൊയ്ദാമിനെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ട് വെക്കുന്നത്. രാജ്യത്തെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പൈതൃക പട്ടികയിലിടം നേടുന്ന ആദ്യത്തെ സാംസ്കാരിക സമ്പ്രദായമാണിത്.

അസമിലെ അഹോം രാജവംശത്തിൻ്റെ 700 വർഷത്തിലധികം പഴക്കമുള്ള ശവകുടീരങ്ങളാണ് മൊയ്ദാമുകൾ. മൊയ്‌ദാമിൻ്റെ മൂല്യം മനസിലാക്കിയതിന് യുനെസ്‌കോയോട് നന്ദി പറയുന്നതായും, ഈ ദിവസം സ്വർണലിപികളാൽ രേഖപ്പെടുത്തുമെന്നും സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. യുനെസ്കോയുടെ സാംസ്കാരിക പൈതൃക പദവി ലഭിക്കുന്ന ഇന്ത്യയുടെ 43ാമത് പ്രദേശവും, വടക്കു കിഴക്കൻ ഇന്ത്യയിലെ ആദ്യത്തേതുമാണ് മൊയ്ദാമുകൾ. സവിശേഷമായ സാംസ്കാരിക പ്രാധാന്യമുള്ള മൊയ്‌ദാമുകൾ ഇനി കൂടുതൽ ജനപ്രിയമാകുമെന്നും ടൂറിസം മേഖലയിൽ കൂടുതൽ സ്വാധീനം നേടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.


എന്താണ് മൊയ്ദാമുകൾ

അസമിലെ പട്‌കായ് പർവതനിരകളുടെ താഴ്‌വരയിൽ സ്ഥാപിച്ചിരിക്കുന്ന രാജാക്കന്മാരുടെ ശവകുടീരങ്ങളാണ് മൊയ്ദാമുകൾ. പുരാതന ഈജിപ്തുകാരുടെ പിരമിഡുകൾക്ക് സമാനമായ ശവകുടീരങ്ങളാണ് ഇവ. അതിനാൽ മൊയ്‌ദാമുകൾക്ക് 'അസമിലെ പിരമിഡുകൾ' എന്ന പേരുമുണ്ട്. എന്നാൽ പിരമിഡുകളിൽ നിന്ന് വ്യത്യസ്തമായി, ചെറിയ കുന്നുകൾ പോലെയാണ് മൊയ്‌ദാമുകൾ കാണപ്പെടുന്നത്.



അസമിലെ കിഴക്കൻ മേഖലയായ ജോർഹട്ടിനും ദിബ്രുഗറിനും ഇടയിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. പിരമിഡുകൾ പോലെ, ഇഷ്ടികയോ കല്ലോ മണ്ണോ കൊണ്ട് നിർമിച്ച പൊള്ളയായ നിലവറകളിലാണ് രാജക്കൻമാരുടെ ശരീരങ്ങൾ അടക്കം ചെയ്തിരിക്കുന്നത്. രാജാവിന്റെ മരണാനന്തര ജീവിതത്തിന് ആവശ്യമായ ആഡംബര സാധനങ്ങൾ, സേവകർ, കുതിരകൾ, കന്നുകാലികൾ, ഭാര്യമാരെ എന്നിവരെ, അവരുടെ മരണ ശേഷം ഈ അറകൾക്കുള്ളിൽ രാജാവിൻ്റെ ശരീരത്തിനൊപ്പം അടക്കം ചെയ്യാറുണ്ട്.



യുനെസ്‌കോയുടെ വെബ്‌സൈറ്റിലെ ഒരു പ്രസ്താവന പ്രകാരം മൊയ്ദാമുകൾക്ക് ഏകദേശം 700 വർഷം പഴക്കമുണ്ട്. ശവകുടീരത്തിനുള്ളിലെ വ്യക്തിയുടെ ശക്തിയെയും ഉയരത്തെയും സൂചിപ്പിക്കുന്നതാണ് ഓരോ മൊയ്‌ദാമുകളുടെയും ഉയരം. അഹോം രാജാക്കൻമാരായ ഗധാധർ സിംഹയുടെയും രുദ്ര സിംഹയുടെയും ഒഴികെ മിക്ക മൊയ്‌ദാമുകളിലും അടക്കം ചെയ്തിരിക്കുന്നവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com