
മോൽഡോവ യൂറോപ്യൻ യൂണിയനിൽ ചേരണ്ട എന്ന് അഭിപ്രായം രേഖപ്പെടുത്തിയാൽ 29 ഡോളർ നൽകാമെന്ന് റഷ്യൻ അനുകൂല വ്യവസായി. കള്ളന്മാരെ നാടുകടത്തണമെന്ന് തിരിച്ചടിച്ച് സർക്കാർ. അടുത്ത മാസം 20ന് നടക്കുന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനൊപ്പമാണ് യൂറോപ്യൻ യൂണിയൻ ഹിതപരിശോധനയും നടക്കുന്നത്.
യുക്രൈനും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന മോൽഡോവയിലെ ജനങ്ങൾക്കാണ് റഷ്യൻ വ്യവസായിയുടെ വാഗ്ദാനം. യൂറോപ്യൻ യൂണിയൻ അംഗത്വം വേണമോ, വേണ്ടയോ എന്നതു സംബന്ധിച്ച അഭിപ്രായ സർവേയിൽ റഷ്യൻ അനുകൂല നിലപാട് സ്വീകരിച്ചാൽ 29 ഡോളർ വീതം നൽകുമെന്നാണ് പ്രഖ്യാപനം. മോൽഡോവ യൂറോപ്യൻ യൂണിയനിൽ അംഗത്വം എടുക്കുന്നതിനെ എതിർക്കുന്ന ഇലൻ ഷോർ ആണ് വാഗ്ദാനവുമായി രംഗത്തെത്തിയത്. യൂറോപ്യൻ യൂണിയനിൽ ചേരേണ്ട എന്ന് തീരുമാനം എടുക്കുന്ന മേഖലകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്യൻ അനുകൂല നിലപാട് സ്വീകരിക്കുന്ന മയാ സാന്ധുവാണ് നിലവിൽ മോൽഡോവയിലെ പ്രസിഡൻ്റ്. അടുത്ത മാസം 20നാണ് മോൽഡോവയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യൂറോപ്യൻ യൂണിയനിൽ ചേരണോ, വേണ്ടയോ എന്നത് സംബന്ധിക്കുന്ന ഭരണഘടനയിൽ മാറ്റം വരുത്തുന്നതിനുള്ള ഹിതപരിശോധനയിലും ജനം ഭാഗമാകും. യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് ശ്രമിക്കുന്ന പക്ഷവും റഷ്യൻ അനുകൂല നിലപാട് സ്വീകരിക്കുന്ന മറുപക്ഷവും രാജ്യത്തുണ്ട്. യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ മോൽഡോവ സോവിയറ്റ് യൂണിയൻ്റെ ഭാഗമായിരുന്നു.
ബാങ്കിങ് മേഖലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇലൻ ഷോറിനെ 15 വർഷം തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. തുടർന്ന് റഷ്യയിലേക്ക് നാടുകടത്തുകയായിരുന്നു. കള്ളന്മാരെ നാടുകടത്തണമെന്ന സർക്കാരിൻ്റെ പ്രതികരണം ഈ സാഹചര്യത്തിലാണ്.