

ഡൽഹി മദ്യ നയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ.കവിത സമർപ്പിച്ച ജാമ്യാപേക്ഷകളിൽ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എല്ലാ ഭാഗത്തു നിന്നുമുള്ള വാദം കേട്ട ശേഷം ജസ്റ്റിസ് സ്വർണ കാന്ത ശർമ്മയുടെ ബെഞ്ച്, മെയ് 28 നാണ് ഈ വിഷയത്തിൽ ഉത്തരവ് പറയുന്നത് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.
കെ.കവിതയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ വിക്രം ചൗധരി,അഭിഭാഷകരായ നിതേഷ് റാണ, മോഹിത് റാവു, ദീപക് നഗർ എന്നിവരും ഹാജരായി. സിബിഐക്ക് വേണ്ടി അഭിഭാഷകൻ ഡി.പി സിംഗ് ഹാജരായപ്പോൾ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് വേണ്ടി അഭിഭാഷകൻ സോഹെബ് ഹൊസൈനാണ് ഹാജരായത്.
മറ്റ് പൊതുപ്രവർത്തകരുടെയും സ്വകാര്യ വ്യക്തികളുടെയും പങ്കാളിത്തവും അനധികൃത പണത്തിൻ്റെ ഒഴുക്കും ഉൾപ്പെടെയുള്ള ചില സുപ്രധാന കാര്യങ്ങളിലുള്ള തുടരന്വേഷണം വളരെ നിർണായക ഘട്ടത്തിലാണെന്നും ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെ സിബിഐ വ്യക്തമാക്കി. കുറ്റാരോപിതയായ ഹർജിക്കാരിയെ ജാമ്യത്തിൽ വിട്ടയച്ചാൽ, ഭരണഘടനാ കോടതികൾ വിധിനിർണ്ണയത്തിൽ പറഞ്ഞിരിക്കുന്ന 'ട്രിപ്പിൾ ടെസ്റ്റ്' പാലിക്കുന്നതിൽ പരാജയപ്പെടുമെന്നും, അവർ അന്വേഷണം അട്ടിമറിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും സിബിഐ പറഞ്ഞു.
എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റും ജാമ്യാപേക്ഷയെ എതിർത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്‍റെ കാര്യത്തിൽ, വിചാരണയ്ക്കിടെ പ്രതിയുടെ സാന്നിധ്യം ഉറപ്പാക്കുകയോ തെളിവുകൾ സംരക്ഷിക്കുകയോ മാത്രം പോരെന്നും, കുറ്റത്തിൻ്റെ സ്വഭാവം വെച്ച് പ്രതി തന്റെ സ്വാധീനം ഉപയോഗിച്ചേക്കാമെന്നും ഇഡി പറഞ്ഞു. ഇന്നത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു പ്രതിക്ക് അജ്ഞാതമായി പണം കൈമാറാൻ സാധിക്കും, ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.
ഡൽഹി എക്സൈസ് നയം റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ.കവിത സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനും സിബിഐക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു.
അടുത്തിടെ, മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ.കവിതയ്ക്കും മറ്റ് പ്രതികളായ ചൻപ്രീത് സിംഗ്, ദാമോദർ, പ്രിൻസ് സിംഗ്, അരവിന്ദ് കുമാർ എന്നിവർക്കെതിരെയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റോസ് അവന്യൂ കോടതിയിൽ പ്രോസിക്യൂഷൻ പരാതി (കുറ്റപത്രം) സമർപ്പിച്ചിരുന്നു.
താൻ രണ്ട് കുട്ടികളുടെ അമ്മയാണെന്നും അവരിൽ ഇളയ കുട്ടി ഇതിൻറെ ആഘാതത്തിലാണെന്നും , കുട്ടി ഇപ്പോഴും ചികിത്സയിലാണെന്നും കെ.കവിത സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേന്ദ്ര ഭരണ പാർട്ടി അംഗങ്ങൾ തന്നെ അഴിമതിയിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങൾ നടത്തുണ്ടെന്നും കവിത പുതിയ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു.
കെ.കവിത സമർപ്പിച്ച മദ്യനയ കേസുമായി ബന്ധപ്പെട്ട സിബിഐ , ഇഡി കേസുകളിലെ ജാമ്യാപേക്ഷ മെയ് 6 ന് ഡൽഹി പോലീസ് തള്ളിയിരുന്നു. കവിതയെ മാർച്ച് 15 ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും ഏപ്രിൽ 11 ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും (സിബിഐ) അറസ്റ്റ് ചെയ്തിരുന്നു.
ജിഎൻസിടിഡി നിയമം 1991, ബിസിനസ് റൂൾസ് -1993, ഡൽഹി എക്സൈസ് നിയമം-2009, ഡൽഹി എക്സൈസ് ചട്ടങ്ങൾ-2010 എന്നിവയുടെ ലംഘനങ്ങൾ കാണിച്ച് ജൂലൈയിൽ സമർപ്പിച്ച ഡൽഹി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
എക്‌സൈസ് നയം പരിഷ്‌ക്കരിക്കുമ്പോൾ ക്രമക്കേടുകൾ നടന്നതായും ലൈസൻസ് ഉടമകൾക്ക് അനാവശ്യ ആനുകൂല്യങ്ങൾ നൽകിയെന്നും, യോഗ്യതയുള്ള അതോറിറ്റിയുടെ അനുമതിയില്ലാതെ എൽ-1 ലൈസൻസ് നീട്ടിയെന്നും ഇഡിയും സിബിഐയും ആരോപിച്ചിരുന്നു.
കോവിഡ്-19 കാരണം 2021 ഡിസംബർ 28 മുതൽ 2022 ജനുവരി 27 വരെ ടെൻഡർ ചെയ്ത ലൈസൻസ് ഫീസിൽ ഇളവ് അനുവദിച്ചതായും അന്വേഷണ ഏജൻസി പറഞ്ഞു, കൂടാതെ 144.36 കോടി രൂപയുടെ നഷ്ടം ഉണ്ടായതായും ആരോപണമുയർന്നിരുന്നു.