കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിന് ജാമ്യം

രണ്ടു വർഷത്തിനു ശേഷമാണ് ജെയിന് ജാമ്യം ലഭിച്ചിരിക്കുന്നത്
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ഡല്‍ഹി മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിന് ജാമ്യം
Published on

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് ജാമ്യം.  രണ്ടു വർഷത്തിനു ശേഷമാണ് ജെയിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

"വിചാരണയിലെ കാലതാമസവും 18 മാസത്തെ നീണ്ട തടവും കണക്കിലെടുത്ത്, ട്രയൽ ആരംഭിക്കാൻ വളരെയധികം സമയമെടുക്കുമെന്ന വസ്തുതയും കണക്കിലെടുക്കുമ്പോൾ, പ്രതിക്ക് ഇത് ആശ്വാസം നല്‍കും," ജാമ്യം അനുവദിച്ച് സ്പെഷ്യല്‍ ജഡ്ജി വിശാൽ ഗോഗ്നെ പറഞ്ഞു.

2022 മെയ് 30-നാണ് സത്യേന്ദർ ജെയിനിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി)  അറസ്റ്റ് ചെയ്തത്. ഇഡി ചോദ്യം ചെയ്ത ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. 2015 മുതൽ 2017 വരെ വിവിധ വ്യക്തികളുടെ പേരിൽ സ്വത്തുക്കൾ സമ്പാദിച്ചുവെന്ന സിബിഐക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി ജെയിനിനെതിരെ അന്വേഷണം നടത്തിയത്.  അന്വേഷണത്തില്‍ സത്യേന്ദര്‍ ജെയിനിന്‍റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ഇഡി കണ്ടെത്തലിനെ തുടർന്നായിരുന്നു അറസ്റ്റ്.

ജെയിനിനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു ആം ആദ്മിയുടെ വാദം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജെയിൻ മന്ത്രിസഭയിൽ നിന്ന് രാജി സമർപ്പിച്ചിരുന്നു.

ആരോഗ്യ കാരണങ്ങളാൽ 2023 മെയ് മാസത്തിൽ സുപ്രീം കോടതി ജെയിനിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഈ വർഷം മാർച്ചിൽ സ്ഥിരം ജാമ്യത്തിനുള്ള അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും  സുപ്രീം കോടതി ഹർജി തള്ളി.  ഇതിനെ തുടർന്ന് വീണ്ടും ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മടങ്ങുകയായിരുന്നു.

സമീപ കാലത്ത് വിവധ കേസുകളില്‍ ജാമ്യം ലഭിക്കുന്ന മൂന്നാമത്തെ ആം ആദ്മി നേതാവാണ് ജെയിന്‍. കഴിഞ്ഞ മാസമാണ് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചത്. അതേ കേസില്‍ ഓഗസ്റ്റില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം കിട്ടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com