
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വായ്പ എന്ന പ്രതിസന്ധി അത്ര എളുപ്പം ഒഴിവാക്കാവുന്നതല്ല. അത്യാവശ്യം കരുതലുള്ള ആളുകളാണെങ്ങിൽ പൊലും പെട്ടെന്നുണ്ടാകുന്ന ആവശ്യങ്ങൾ ചിലപ്പോൾ ബാധ്യതകൾ ഉണ്ടാക്കും. വ്യക്തികളേയോ സാമ്പത്തിക സ്ഥാപനങ്ങളേയോ ആശ്രയിക്കുകയാണ് ഈത്തരം സാഹചര്യങ്ങളിൽ ചെയ്യുക. വ്യക്തിഗത വായ്പകൾ, സ്വർണപണയം, പലിശയ്ക്ക് പണം വാങ്ങൽ, വീട്, ആശുപത്രി ചിലവ്, വിദ്യാഭ്യാസം തുടങ്ങി ആവശ്യങ്ങൾക്കനുസരിച്ചുള്ള വായപകൾ ഇന്ന് ലഭ്യമാണ്. സാഹചര്യങ്ങളുടെ പ്രധാന്യം അനുസരിച്ച് ലഭ്യമാകുന്ന വായപകളാണ് എടുക്കുക.
ഇനി വായ്പയെടുത്താൽ മാത്രം പോര തിരിച്ചടയ്ക്കുകയും വേണം. അതാണ് അടുത്തഘട്ടം. മൊത്തമായി കൊടുത്തു തീർക്കുന്നവരുണ്ട്. എന്നാൽ വലിയ പ്രശ്നങ്ങളില്ലാതെ തവണകളായി അടച്ച് തീർക്കുക എന്ന വഴിയാണ് ഭൂരിഭാഗം പേരും സ്വീകരിക്കുക. അതായത് Equated Monthly Instalment അഥവാ ഇഎംഐ. തവണവ്യവസ്ഥയിലുള്ള തിരിച്ചടവുകൾ എന്നർത്ഥം. പൊതുവെ ഫലപ്രദമായ ഒരു വഴിയാണിത്. വീട് , വാഹനം, പേഴ്സണൽ ലോൺ തുടങ്ങി മാസാമാസം ഇഎംഎകളിലാണ് പലരും ജീവിക്കുന്നത്.
എന്നാൽ തിലപ്പോൾ പ്രതിസന്ധി നേരിടാം. അങ്ങനെ തിരിച്ചടച്ച് തീർക്കുന്നതിനിടെ അപ്രതീക്ഷിതമായി ഇഎംഐ മുടങ്ങിയാൽ എന്തു ചെയ്യുമെന്നാണ് പലരുടേയും ആശങ്ക.കൃത്യസമയത്ത് അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് ഇല്ലെങ്കിൽ ഇഎംഐ മുടങ്ങും. പലർക്കും ഈ അബദ്ധം സംഭവിക്കാറുണ്ട്. പിന്നീട് പണം അടയ്ക്കാൻ പാടുപെടും. ക്രെഡിറ്റ് സ്കോർ, പലിശ തുടങ്ങിയ പണികൾ വേറെയും.
ഒരു തവണ ഇഎംഐ മുടങ്ങിയാൽ പിഴ നൽകേണ്ടി വരും. മുന്നറിയിപ്പായി സന്ദേശം എത്തിയാൽ എത്രയും വേഗം തുക അടയ്ക്കാൻ ശ്രദ്ധിക്കുക. റിക്കവറി കോളുകൾക്കായി കാത്തിരിക്കാതെ ഉടനടി വായ്പാ ദാദാവിനെ ബന്ധപ്പെട്ട് കാരണം വിശദീകരിക്കുക. അത് വിശ്വാസ്യത നിലനിർത്താൻ സഹായിക്കും.
30 ദിവസത്തിൽ കൂടുതൽ ഇഎംഐ മുടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.എന്നാൽ പിന്നീട് കൃത്യമായി തിരിച്ചടവുകൾ നടത്തിയാൽ അത് പരിഹരിക്കാം. ഒന്നിലധികം തവണ വീഴ്ചവരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതായത്. ഇഎംഐ മുടങ്ങിയാൽ അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം.