"അട്ടപ്പാടിയിൽ 2000 ഏക്കർ ഭൂമിയിൽ അവകാശമുണ്ട്, വിൽപ്പന നടത്തിയത് 570 ഏക്കർ മാത്രം "; മൂപ്പിൽ നായരുടെ കുടുംബം

മറ്റ് സ്ഥലങ്ങളും വിൽപ്പന നടത്താൻ ശ്രമിക്കുമെന്നും മൂപ്പിൽ നായർ കുടുംബാംഗമായ അർജുൻ സോമനാഥൻ ന്യൂസ് മലയാളത്തോട് പറഞ്ഞു
അർജുൻ സോമനാഥൻ
അർജുൻ സോമനാഥൻ
Published on

അട്ടപ്പാടി ഭൂമി വിവാദത്തിൽ പ്രതികരണവുമായി മൂപ്പിൽ നായർ കുടുംബം. നിയമ ലംഘനം നടത്തിയിട്ടില്ലെന്ന അവകാശവാദമാണ് കുടുംബം ഉയർത്തുന്നത്. അട്ടപ്പാടിയിൽ എഴുപത് അവകാശികൾക്കായി 2000 ഏക്കർ ഭൂമിയുണ്ടെന്ന് മൂപ്പിൽ നായർ കുടുംബാംഗമായ അർജുൻ സോമനാഥൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവ് പ്രകാരം അനുമതി ലഭിച്ച ഭൂമിയിൽ 570 ഏക്കർ സ്ഥലം മാത്രമാണ് വിൽപ്പന നടത്തിയത്. മറ്റ് സ്ഥലങ്ങളും വിൽപ്പന നടത്താൻ ശ്രമിക്കുമെന്നും അർജുൻ സോമനാഥൻ കൂട്ടിച്ചേർത്തു.  

അട്ടപ്പാടിയിൽ ഭൂപരിഷ്ക്കരണ നിയമം ലംഘിച്ച് മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബം വൻതോതിൽ ഭൂമി കച്ചവടം നടത്തുന്നുവെന്ന പരാതിയിലാണ് വിശദീകരണവുമായി കുടുംബം രംഗത്തുവന്നത്. മണ്ണാർക്കാട് ജന്മിയായിരുന്ന മൂപ്പിൽ നായരുടെ തണ്ടപേരിലുളള കോട്ടത്തറ വില്ലേജിലെ ഭൂമിയാണ് കുടുംബാംഗങ്ങൾ വിൽപ്പന നടത്തിയത്. ഭൂപരിഷ്കരണ നിയമം പാലിക്കാതെയാണ് വിൽപ്പനയെന്ന് ആധാരം എഴുത്തുകാരുടെ സംഘടന പരാതി നൽകി. തുടർന്നാണ് മൂപ്പിൽ നായർ കുടുംബത്തിന് നേരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ മൂപ്പിൽ നായരുടെ പേരിൽ വ്യാജരേഖ ചമച്ച് ചിലർ ഭൂമി വിൽപ്പന നടത്തിയിട്ടുണ്ടെന്ന വാദമാണ് കുടുംബാഗമായ അർജുൻ സോമനാഥൻ ഉയർത്തുന്നത്. ഇവർക്കെതിരെ നടപടിയെടുക്കുമെന്നും അർജുൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഭൂപരിഷ്കരണ നിയമപ്രകാരം ഒരു കുടുംബത്തിന് പരമാവധി 15 ഏക്കർ ഭൂമിയാണ് കൈവശം വെക്കാൻ അവകാശമുള്ളത്. എന്നാൽ 2000 ഏക്കർ ഭൂമിയിൽ അവകാശമുണ്ടെന്ന വാദമാണ് മൂപ്പിൽ നായരുടെ കുടുംബത്തിൽപ്പെട്ടവർ ഉയർത്തുന്നത്. ഇതിന് കോടതിയുടെ അനുകൂല ഉത്തരവുണ്ടെന്ന് കാണിച്ചാണ് വിൽപ്പന. റവന്യൂ - രജിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഭൂമി വിൽപ്പന വ്യാപകമായി നടക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. അട്ടപ്പാടിയിൽ ഭൂപരിഷ്‌കരണ നിയമ പ്രകാരം ഏറ്റെടുക്കേണ്ട ഭൂമി, വൻതോതിൽ വിൽപ്പന നടത്തുന്നുവെന്ന് പരാതി ഉയർന്നതോടെയാണ് സംഭവം അന്വേഷിക്കാൻ രജിസ്ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐജിയെ ചുമതലപ്പെടുത്തിയത്. രണ്ടായിരം ഏക്കർ ഭൂമി അട്ടപ്പാടിയിലുണ്ടെന്ന്, മൂപ്പിൽ നായരുടെ കുടുംബം തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഭൂമി വിൽപ്പനയിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com