
അറബികടലില്‍ മുങ്ങിയ കപ്പലില്‍ നിന്നും കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞ സംഭവത്തില്‍ ജില്ലകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ യോഗത്തിലാണ് നിര്‍ദേശം.
മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ പ്രധാന ആശുപത്രികളും റാപ്പിഡ് റെസ്‌പോണ്‍സ് ടീമും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും തീരപ്രദേശങ്ങൡലുള്ളവര്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ചികിത്സ തേടണം. ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ 108 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണമെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൂടുതല്‍ കണ്ടെയ്‌നറുകള്‍ കരയ്ക്കടിയാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയിലാണ് തെക്കന്‍ തീരദേശം. കാല്‍സ്യം കാര്‍ബൈഡ് ശേഖരമുള്ള കണ്ടയ്‌നറുകള്‍ ഒഴുകിയെത്തിയാല്‍ അപകട സാധ്യത കൂടുതലാണ്. തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ദുരന്ത നിവാരണ വകുപ്പ്.
കൊല്ലം ചെറിയഴീക്കല്‍ തീരമേഖലയിലും ശക്തികുളങ്ങര, ചവറ, തിരുമുല്ലാവാരം, തങ്കശേരി ഉള്‍പ്പെടെയുള്ള മേഖലകളിലായി 27 കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. ഇതില്‍ നാലെണ്ണത്തില്‍ വസ്ത്രങ്ങള്‍, തേയില, മരുന്നുകള്‍ എന്നിവയാണ്. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി നടക്കുന്ന സാഹചര്യം ഉള്ളതിനാല്‍ സുരക്ഷ മുന്‍കരുതി ജനങ്ങള്‍ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം ഉള്ള എന്‍.ഡി.ആര്‍.എഫിലെ സംഘവും കൊല്ലത്തെത്തി. കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്നത് കലക്ടറുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് എന്‍.ഡി.ആര്‍.എഫ്.ഇന്‍സ്‌പെക്ടര്‍ കലെ അരശന്‍ പറഞ്ഞു.
തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് കണ്ടുകെട്ടുമെന്ന് കസ്റ്റംസ് സൂപ്രണ്ട് വിശാഖ് അറിയിച്ചു. കണ്ടെയ്‌നറില്‍ നിന്നുള്ള രാസവസ്തുകള്‍ കടലില്‍ കലര്‍ന്നാല്‍ മീനുകളുടെ പ്രചരണകാലത്തെ ബാധിക്കുമെന്നും ഇത് സംബന്ധിച്ച് കടല്‍ജലം ശേഖരിച്ച് പഠനം തുടങ്ങിയതായും കേരള സര്‍വ്വകലാശാല അക്വഡിക് വിഭാഗം മേധാവി ഡോ. റാഫി അറിയിച്ചു.