
ആശാ വര്‍ക്കര്‍മാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ച് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍. കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ കോര്‍പ്പറേഷന്‍, പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങള്‍ ആണ് ഓണറേറിയം വര്‍ധിപ്പിച്ചത്.
വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള ആശമാരുടെ സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ഓണറേറിയം വര്‍ധിപ്പിച്ചുകൊണ്ടുള്ള തീരുമാനവുമായി കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ രംഗത്തുവരുന്നത്.
വര്‍ഷത്തില്‍ 4 മാസത്തില്‍ ഒരിക്കല്‍ 2000 രൂപ വീതം ആശമാര്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് UDF ഭരിക്കുന്ന കണ്ണൂര്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. DPCയുടെ അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഓണ്‍ ഫണ്ടില്‍ നിന്ന് തുക അനുവദിക്കുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.
UDF ഭരിക്കുന്ന പാലക്കാട് മണ്ണാര്‍ക്കാട് നഗരസഭയും ബഡ്ജറ്റില്‍ ആശമാര്‍ക്കുള്ള അധിക വേതനം പ്രഖ്യാപിച്ചു. പ്രതിമാസം 2100 രൂപയാണ് മണ്ണാര്‍ക്കാട് നഗരസഭ അധികവേതനമായി ആശമാര്‍ക്ക് നല്‍കുക.
സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയത്തിന് പുറമെ, പ്രതിമാസം 7000 രൂപ ആശാ വര്‍ക്കമാര്‍ക്ക് അധിക വേതനം നല്‍കാന്‍ കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്തും തീരുമാനിച്ചു. ഒരു വര്‍ഷം ഒരു ആശക്ക് 84000 രൂപ അധികമായി ലഭിക്കും. ഇതിനായി 12 ലക്ഷം രൂപ പഞ്ചായത്ത് ബജറ്റില്‍ വകയിരുത്തി. ബിജെപി ഭരിക്കുന്ന പഞ്ചായത്ത് ആണ് മുത്തോലി. നേരത്തെ ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയും ആശമാര്‍ക്ക് അധിക വേതനം പ്രഖ്യാപിച്ചിരുന്നു.