
യുവാവ് ഷോക്കേറ്റ് മരിച്ച കോഴിക്കോട് കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ കൂടുതല്‍ പ്രദേശവാസികള്‍ രംഗത്ത്. കൂടരഞ്ഞി സെന്റ് ജോസഫ്‌സ് ആശുപത്രിക്കെതിരെയാണ് ആരോപണം. ആശുപത്രി പരിസരത്തുവെച്ച് നേരത്തേ പലര്‍ക്കും വൈദ്യുതാഘാതമേറ്റതായാണ് പ്രദേശവാസികള്‍ പറയുന്നത്.
ഓഗസ്റ്റ് 26 ന് ആശുപത്രി പരിസരത്ത് വെച്ച് ഷോക്കേറ്റതായി കല്‍പ്പൂര്‍ സ്വദേശി ഷബീര്‍ പറയുന്നു. അന്നു തന്നെ ആശുപത്രി അധികൃതരോടും ജീവനക്കാരോടും വിവരം പറഞ്ഞിരുന്നു. അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമാകില്ലായിരുന്നുവെന്ന് ഷബീര്‍ പറയുന്നു. സമാന അനുഭവം പങ്കുവെച്ച് കോലോത്തുംകടവ് സ്വദേശി സാദിഖും രംഗത്തെത്തിയിരുന്നു. ആശുപത്രിയില്‍ നിന്ന് ഷോക്കേറ്റിരുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നാണ് സാദിഖ് നേരത്തേ പങ്കുവെച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ചവലപ്പാറ സ്വദേശി അബിന്‍ ബിനു (27) കൂടരഞ്ഞി സെന്റ് ജോസഫ് ആശുപത്രിയില്‍ ഷോക്കേറ്റ് മരിച്ചത്. സുഹൃത്തിനെ കാണിക്കാനായി ആശുപത്രിയിലെത്തിയ അബിന് കാന്റീനില്‍ വെച്ച് ഷോക്കേല്‍ക്കുകയായിരുന്നു. അബിന് ചികിത്സ നല്‍കാന്‍ വൈകിയെന്നും സിപിആര്‍ ഉള്‍പ്പെടെ നല്‍കാന്‍ വൈകിയെന്നും തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. അബിന്റെ ബന്ധുക്കളുടെ പരാതിയില്‍ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.