
ഒഡിഷയിലെ ഭരത്പൂർ പൊലീസ് സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥനും പങ്കാളിയും ആക്രമിക്കപ്പെട്ട കേസിൽ വെളിപ്പെടുത്തൽ. സ്റ്റേഷനിൽ താനും പങ്കാളിയും നേരിട്ടത് ക്രൂരമായ പീഡനമെന്ന് ആക്രമിക്കപ്പെട്ട യുവതി പറഞ്ഞു. സൈനികനെ ജയിലിലടച്ച ശേഷം തന്നെ മുടിയ്ക്ക് പിടിച്ച് ഇടനാഴിയിലൂടെ വലിച്ചിഴച്ചു, മുറിയിൽ വെച്ച് ലൈംഗികമായി ആക്രമിച്ചെതായും യുവതി ആരോപിച്ചു.
സെപ്തംബർ 15ന് പുലർച്ചെ ഒരു മണിയോടെ റെസ്റ്റോറൻ്റ് അടച്ച് പങ്കാളിയായ സൈനികനുമൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അജ്ഞാതർ ആക്രമിച്ചത്. തുടർന്ന് പരാതിയുമായി ഭരത്പൂർ പൊലീസ് സ്റ്റേഷനിലെത്തി. റിസപ്ഷൻ ഡെസ്കിൽ സിവിൽ ഡ്രസിൽ ഇരുന്ന വനിതാ കോൺസ്റ്റബിളിനോട് പരാതിപ്പെട്ടു. എന്നാൽ പരാതി രജിസ്റ്റർ ചെയ്യാനോ അക്രമികളെ പിടികൂടാൻ നടപടി സ്വീകരിക്കാനോ അവർ തയ്യാറായില്ല. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കു തർക്കമായി. താൻ വക്കീലാണെന്ന് പറഞ്ഞിട്ടും പൊലീസുകാർ മോശമായി പെരുമാറിയെന്ന് യുവതി പറഞ്ഞു.
പിന്നീട് കൂടുതൽ പൊലീസുകാർ സ്റ്റേഷനിലെത്തിയ ശേഷം സൈനികനോട് പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് സൈനികനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സൈനികനെ കസ്റ്റഡിയിലെടുക്കരുതെന്ന് ചട്ടമുണ്ടെന്ന് പറഞ്ഞെങ്കിലും കേട്ടില്ലെന്നാണ് പരാതി. തുടർന്ന് രണ്ട് വനിതാ ഉദ്യോഗസ്ഥർ തലമുടിയ്ക്ക് പിടിച്ച് വലിച്ച് മർദിച്ചതായും സ്റ്റേഷൻ്റെ ഇടനാഴിയിലൂടെ വലിച്ചിഴച്ചതായും യുവതി ആരോപിച്ചു.
കൈകൾ ജാക്കറ്റ് ഉപയോഗിച്ചും കാലുകൾ വനിതാ കോൺസ്റ്റബിളിൻ്റെ സ്കാർഫ് ഉപയോഗിച്ചും ബന്ധിച്ചു. മറ്റൊരു ഉദ്യോഗസ്ഥൻ വന്ന് തൻ്റെ അടിവസ്ത്രം അഴിച്ച് മാറിൽ തുടരെ ചവിട്ടിയെന്നും യുവതി പറഞ്ഞു. രാവിലെ ആറ് മണിയായപ്പോൾ സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ് എത്തി. അയാൾ ലൈംഗികമായി ഉപദ്രവിച്ചെന്നും യുവതി ആരോപിച്ചു.
പൊലീസുകാരെ ആക്രമിച്ചെന്നാരോപിച്ച് യുവതിക്കെതിരെയും കേസും രജിസ്റ്റർ ചെയ്തു. ഇതിൽ ജാമ്യം നേടി പുറത്തുവന്ന ശേഷമാണ് യുവതിയുടെ വെളിപ്പെടുത്തൽ. സൈനികൻ്റെ പരാതിയിൽ ക്രൈംബ്രാഞ്ച് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഭരത്പൂർ സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ സസ്പെൻഡും ചെയ്തിട്ടുണ്ട്.