
പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഫുട്‌ബോൾ മത്സരത്തിനിടെ ഇരുടീമുകളുടെയും ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിൽ നൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. ഗിനിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ നഗരമായ എൻസെറെക്കോറിലാണ് സംഭവം. മരണസംഖ്യയെ കുറിച്ചുള്ള വ്യക്തമായ കണക്കുകൾ ലഭ്യമായിട്ടില്ല. എന്നാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. നഗരത്തിലെ ആശുപത്രി മോർച്ചറികളിലെല്ലാം മൃതദേഹങ്ങൾ നിറഞ്ഞിരിക്കുകയാണെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്.
ആശുപത്രിയിൽ കണ്ണെത്താദൂരത്തോളം മൃതദേഹങ്ങൾ നിരത്തി വച്ചിരിക്കുകയാണ്. പരുക്കേറ്റവർ വരാന്തകളിൽ ആണ് കിടക്കുന്നത്. മോർച്ചറികൾ നിറഞ്ഞിരിക്കുകയാണ്. പ്രാദേശിക ആശുപത്രികളിലെ മോർച്ചറികളുടെ അവസ്ഥയും സമാനമാണ്. നൂറോളം പേർ മരിച്ചുവെന്നാണ് കണക്കാണുന്നത് എന്നും ആശുപത്രി അധികൃതർ എഎഫ്പിയോട് പറഞ്ഞു.
2021 ൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത പ്രസിഡൻ്റ് മാമാദി ദൗംബൗയയെ ആദരിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു സംഭവം. റഫറിയുടെ വിവാദ തീരുമാനത്തോടെയാണ് അക്രമം അരങ്ങേറിയത്. ഇതോടെ ആരാധകർ ഗ്രൗണ്ട് കയ്യേറി. പിന്നാലെ തെരുവുകളിലേക്കും സംഘർഷം വ്യാപിച്ചു. രോഷാകുലരായ അക്രമികൾ എൻസെറെക്കോർ പൊലീസ് സ്റ്റേഷനും തീയിട്ടതായാണ് വിവരം.
ആല്‍ഫ കോണ്ടെയുടെ ഭരണകൂടത്തെ അട്ടിമറിച്ചാണ് 2021-ല്‍ മാമാദി ദൗംബൗയ അധികാരത്തിലേറുന്നത്. നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഭരണം നിലനിര്‍ത്തുകയാണ് നിലവിൽ ദൗംബൗയയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പശ്ചിമാഫ്രിക്കൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നത്.