
ശക്തമായ മഴയെ തുടർന്ന് ബാണാസുര സാഗർ അണക്കെട്ട് തുറന്നതോടെ കോഴിക്കോട് കണ്ണാടിക്കലിലെ ജനങ്ങൾ ദുരിതത്തിലായി. 400 ഓളം കുടുംബങ്ങളാണ് പ്രദേശത്ത് വെള്ളം കയറിയതോടെ രണ്ടു ദിവസമായി വീട്ടിൽ കയറാൻ കഴിയാതെ ബന്ധു വീടുകളിലും ക്യാമ്പുകളിലുമായി കഴിയുന്നത്.
വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലും, ബാണാസുര സാഗർ അണക്കെട്ട് തുറന്നതും കോഴിക്കോട്ടെ പൂനൂർ പുഴ കരകവിയാൻ കാരണമായി. കണ്ണാടിക്കൽ റോഡിൽ മാത്രം 400 ലധികം വീടുകളിലാണ് വെള്ളം കയറിയത്. ഇന്ന് രാവിലെ മുതൽ മഴ കുറഞ്ഞെങ്കിലും വെള്ളത്തിൻ്റെ ഒഴുക്ക് കുറഞ്ഞിട്ടില്ല.
2018ലെ പ്രളയകാലത്തു പോലും ഇതുപോലെ കുത്തൊഴുക്ക് പ്രദേശത്ത് ഉണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ശക്തമായ മഴ തുടരുമ്പോൾ ഡാം തുറന്നുവിടുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നും ജനങ്ങൾ പറയുന്നു. പൂനൂർ പുഴയിലേക്കുള്ള കുത്തൊഴുക്ക് കുറഞ്ഞാൽ മാത്രമേ ആളുകൾക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകാൻ കഴിയൂ.