
കോഴിക്കോട് ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയിൽ മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 400 പേർക്കാണ്. കോർപ്പറേഷൻ പരിധിയിലെ കൊമ്മേരിയിലും, ചങ്ങരോത്ത് പഞ്ചായത്തിലുമാണ് മഞ്ഞപ്പിത്തം പടർന്നുപിടിച്ചത്. ഒരാഴ്ച മുമ്പാണ് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന 75 ഓളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധിച്ചത്.
വൈകാതെ മുതിർന്നവരിലേക്കും രോഗം പടർന്നു പിടിച്ചു. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിൽ ആറാം വാർഡ് ഒഴികെ മറ്റ് 18 വാർഡുകളിലും മഞ്ഞപ്പിത്ത വ്യാപനം ഉണ്ടായിട്ടുണ്ട്. കൂടുതൽ പേരിൽ ഇപ്പോൾ രോഗ ലക്ഷണങ്ങൾ കാണുന്നുണ്ടെന്ന് അധികൃതർ പറയുന്നു. രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. മഞ്ഞപ്പിത്തത്തിന്റെ രണ്ടാംഘട്ട വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
പ്രദേശത്തെ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം 200 കവിഞ്ഞ പശ്ചാത്തലത്തിലാണ് ഇടപെടൽ. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്. കൂടാതെ സ്കൂളിന് സമീപത്തെ കടകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. നിലവിൽ ശീതള പാനീയങ്ങളുടെ കച്ചവടം തൽക്കാലം നിർത്തി വച്ചിരിക്കുകയാണ്.
ജില്ലയിലുടനീളം ക്ലോറിനേഷൻ നടപടികൾ ഊർജ്ജിതമാക്കാനും ഡിഎംഒ നിർദ്ദേശിച്ചു. മെഡിക്കൽ പരിശോധനയും തുടർന്ന് വരികയാണ്. കൂടുതൽ പേരിലേക്ക് രോഗം പകരാതിരിക്കാൻ ഉള്ള മുൻകരുതലുകളാണ് സ്വീകരിക്കുന്നത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ കൊമ്മേരിയിലും മഞ്ഞപ്പിത്തം പടർന്നു പിടിച്ചിരുന്നു. 53 പേർക്കാണ് ഇവിടെ രോഗബാധ ഉണ്ടായത്.
എന്നാൽ രോഗത്തിന്റെ ഉറവിടം വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്തെ ജല പരിശോധനയിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ പ്രാദേശിക കുടിവെള്ള പദ്ധതിയായിരുന്നു സംശയ നിഴലിൽ ഉണ്ടായിരുന്നത്. ഒന്നാംഘട്ട വ്യാപനം തടയാൻ പറ്റാതിരുന്ന സാഹചര്യത്തിൽ രണ്ടാംഘട്ട വ്യാപനം തടയുക എന്നതാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്.