"പള്ളി പൊളിച്ചു നീക്കണം": സംഘർഷത്തിന് തിരികൊളുത്തി ഹിന്ദുത്വ സംഘടനകൾ, തകർന്നടിഞ്ഞ് ഷിംലയിലെ സമാധാനാന്തരീക്ഷം

വർഗീയ സംഘർഷം ശീലമില്ലാത്ത ഹിമാചലിൽ പ്രതിഷേധവും ചേരിതിരിഞ്ഞുള്ള സംഘർഷവും പതിവായി
"പള്ളി പൊളിച്ചു നീക്കണം": സംഘർഷത്തിന് തിരികൊളുത്തി ഹിന്ദുത്വ സംഘടനകൾ, തകർന്നടിഞ്ഞ് ഷിംലയിലെ സമാധാനാന്തരീക്ഷം
Published on

രണ്ട് മാസമായി പള്ളിത്തർക്കവും വർഗീയ സംഘർഷവും കൊണ്ട് അസ്വസ്ഥമാകുകയാണ് ഷിംല. ടൗണിലെ സഞ്ജൗലി മസ്ജിദ് തർക്കത്തിലാണ് തുടക്കം. പള്ളി അനധികൃതമെന്നും പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് തീവ്ര ഹിന്ദു സംഘടനകൾ രംഗത്തിറങ്ങിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് സമാനമായ സംഭവങ്ങൾ മറ്റ് ചില ജില്ലകളിലേക്കും വ്യാപിച്ചു. വർഗീയ സംഘർഷം ശീലമില്ലാത്ത ഹിമാചലിൽ പ്രതിഷേധവും ചേരിതിരിഞ്ഞുള്ള സംഘർഷവും പതിവായി. ക്ഷേത്രഭൂമി കൈയേറ്റം, അനധികൃത നിർമാണം എന്നിവ പല മസ്ജിദുകൾക്ക് നേരെയും ഉയർത്തി രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയാണ് ബിജെപിയും മറ്റ് തീവ്ര ഹിന്ദുസംഘടനകളും.

ആറു പതിറ്റാണ്ട് പഴക്കമുള്ള സഞ്ജൗലി മസ്ജിദിലെ ചില ഭാഗങ്ങൾ പുതുക്കിപ്പണിയാൻ ശ്രമം നടക്കവേയാണ് പള്ളി അനധികൃതമാണെന്നും പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസംഘടനകൾ എത്തിയത്. തർക്കവും സംഘർഷവും കൂടി. ഷിംല ടൗണിൽ ഹർത്താലും നടന്നു. സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പോസ്റ്റുകൾ പടർന്നു. സംഘർഷത്തെ തുടർന്ന് മസ്ജിദ് നിർമാണം പൊലീസ് നിർത്തിവെപ്പിച്ചു. അനധികൃതമായി പണിത സംസ്ഥാനത്തെ എല്ലാ മസ്ജിദുകളും പൊളിക്കണമെന്നാണ് തീവ്ര ഹിന്ദു സംഘടനകളുടെ വാദം.

എന്നാൽ വഖഫ് ബോർഡിൻ്റെയും കോർപറേഷൻ്റെയും അനുമതിയില്ലാതെ വലിയ രീതിയിൽ അറ്റകുറ്റപ്പണി നടത്തിയതും സഞ്ജൗലി മസ്ജിദ് കമ്മിറ്റി വിമർശിക്കപ്പെടാൻ കാരണമായി. ഇതോടെ പുതുക്കിപ്പണിത ഭാഗം കോർപ്പറേഷൻ മുദ്ര വെച്ചു .ഹിന്ദുത്വ സംഘടനകളുടെ ആവശ്യം സാധൂകരിക്കുന്ന പരാമർശം നിയമസഭയില്‍ കോണ്‍ഗ്രസ് മന്ത്രി അനിരുദ്ധ് സിങ് നടത്തിയത് സ്ഥിതിഗതി കൂടുതൽ വഷളാക്കി. മസ്ജിദ് അനധികൃതമാണെന്നാണ് മന്ത്രി പ്രതികരിച്ചത്. ഇത് ബിജെപി ഏറ്റെടുക്കുകയും ചെയ്തു.

സഞ്ജൗലി മസ്ജിദ് തർക്കത്തിന് പുറമേ കസുംപ്തി, കുളു, മണ്ഡി, നഗ്രോത ബഗ്‌വാൻ, ധർമ്മശാല, ബസോലി എന്നിവിടങ്ങളിലെ പള്ളികളുടെ നിലനിൽപ്പും ചരിത്രവും ചോദ്യം ചെയ്തുകൊണ്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. 2011 ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 2.18 ശതമാനം മാത്രം മുസ്ലിം ജനസംഖ്യയുള്ള ഇവിടെ മുസ്ലീം കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ 10 ശതമാനം വർധന ഉണ്ടായെന്നാണ് ബിജെപി ഉന്നയിക്കുന്ന മറ്റൊരു പ്രശ്നം.

സംഭവം രാഷ്ട്രീയ മുതലെടുപ്പാണെന്നും പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപി ചെയ്തത് ഹിമാചലിലും സംഭവിച്ചാൽ ടൂറിസവും ജീവനോപാധിയും നശിക്കുമെന്നും ഹിമാചൽ കമ്യൂണിസ്റ്റ് പാർട്ടി ആശങ്ക പ്രകടിപ്പിച്ചു. ടൂറിസം രംഗത്തെ സംഘടനകളും ഏജൻസികളും ഇതേ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വർഗീയ ചേരിതിരിവിന് കോണ്‍ഗ്രസ് മൗനാനുവാദം നൽകുകയാണ് എന്നും വിമർശനമുണ്ട്. ഏതായാലും ഷിംലയുടെ പ്രശാന്തത പതിയെ കുന്നിറങ്ങുകയാണ്..

Related Stories

No stories found.
News Malayalam 24x7
newsmalayalam.com