
മിക്ക ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും നിയമവിരുദ്ധമായി ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നെന്ന് ഹൈക്കോടതി. ഒരു ഐജി സ്വന്തം വീട്ടിലേക്ക് പോയത് ബീക്കൺ ലൈറ്റിട്ടാണ്. അടിയന്തര സാഹചര്യങ്ങൾക്ക് വേണ്ടിയാണ് ബീക്കൺ ലൈറ്റ് പ്രവർത്തിപ്പിക്കാൻ നിയമമുളളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബീക്കൺ ലൈറ്റുകൾ അടിയന്തിര സാഹചര്യത്തിൽ മാത്രമേ ഉപയോഗിക്കാവൂ. അനധികൃതമായി സർക്കാർ ബോർഡ് വാഹനങ്ങളിൽ ഉപയോഗിക്കുന്നതിലും നടപടിയെടുക്കണം.
ആകാശ് തില്ലങ്കേരിയുടെ വാഹനം പിടിച്ചെടുത്തതായി സർക്കാർ കോടതിയെ അറിയിച്ചു. ജീപ്പിന്‍റെ കളർ ഫോട്ടോ നാളെ ഹാജരാക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പരിഗണിക്കുകയാണ്. ഹൈക്കോടതി വിമർശനത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശപ്രകാരമാണ് പൊലീസ് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് പിടിച്ചെടുത്തത്.
വാഹനത്തിൽ ഘടിപ്പിച്ചിരുന്ന എല്ലാ എക്സ്‌ട്രാ ഫിറ്റിങ്ങുകളും അഴിച്ചുമാറ്റിയിരുന്നു. വാഹനത്തിൽ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. അന്വേഷണത്തിൽ ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടർനടപടികളിലേക്ക് കടക്കുകയാണെന്ന് ആർടിഒ അറിയിച്ചു. പിടിച്ചെടുത്ത വാഹനം പൊലീസ് ആർടിഒയ്ക്ക് കൈമാറും.
കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് തില്ലങ്കേരി വയനാട് യാത്ര നടത്തിയത്. ഇതിൻ്റെ വീഡിയോ ദൃശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി നടപടി സ്വീകരിക്കാനും നിർദേശം നൽകിയിരുന്നു.