ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം: നോബി ആത്മഹത്യാ പ്രേരണാക്കുറ്റം ചെയ്തെന്ന് പൊലീസ് റിപ്പോർട്ട്

ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചത് രാത്രി പത്തരയ്ക്കായിരുന്നു. പ്രകോപനപരമായ സംഭാഷണങ്ങളാണ് നോബി ആ സമയം നടത്തിയതെന്നും പൊലീസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം: നോബി ആത്മഹത്യാ പ്രേരണാക്കുറ്റം ചെയ്തെന്ന് പൊലീസ് റിപ്പോർട്ട്
Published on


ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നോബി ലൂക്കോസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചെയ്തെന്ന് പൊലീസ് റിപ്പോർട്ട്. ഷൈനിയുടേയും മക്കളുടേയും മരണം തുടർച്ചയായ പീഡനങ്ങൾക്ക് ഒടുവിലാണെന്നാണും ഷൈനിയെ മരണത്തിലേക്ക് നയിച്ചത് നോബിയുടെ സമ്മർദ്ദമാണെന്നും പൊലീസ് കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറയുന്നു.



ഷൈനി മരിക്കുന്നതിന് തലേന്ന് നോബി ഫോണിൽ വിളിച്ചത് രാത്രി പത്തരയ്ക്കായിരുന്നു. പ്രകോപനപരമായ സംഭാഷണങ്ങളാണ് നോബി ആ സമയം നടത്തിയതെന്നും പൊലീസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. വാട്സ് ആപ്പിൽ വിളിച്ചാണ് നോബി ഭീഷണിപ്പെടുത്തിയത്. "നീ നിന്‍റെ രണ്ട് മക്കളേയും വച്ച് കൊണ്ട് അവിടെത്തന്നെ ഇരുന്നോടി. ഇനി ഞാൻ നാട്ടിലേക്ക് വരണമെങ്കിൽ നീയും രണ്ട് മക്കളും ചാകണം. എന്നെ ദ്രോഹിക്കാതെ നിനക്കും മക്കൾക്കും പോയി ചത്തുകൂടെ," എന്നിങ്ങനെ പ്രകോപനപരമായ സംഭാഷണങ്ങളും നോബി നടത്തി.



കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതി നോബിയുടെയും ഷൈനിയുടേയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

ഫെബ്രുവരി 28നാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും (11), ഇവാനയും (10) ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭർത്താവ് നോബി ലൂക്കോസുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹമോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്.



പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. നിർത്താതെ ഹോൺ മുഴക്കി വന്ന ട്രെയിനിന് മുന്നിൽ നിന്നും മൂവരും മാറാൻ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.



(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com