അമ്മ ഗാസയിലും മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ ഇസ്രയേലിലും: പലസ്തീനിൽ നിന്ന് ഇസ്രായേലിലേക്ക് വഴി തുറക്കാൻ കാത്ത് ഒരമ്മ

അമ്മ ഗാസയിലും മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾ ഇസ്രയേലിലും: പലസ്തീനിൽ നിന്ന് ഇസ്രായേലിലേക്ക് വഴി തുറക്കാൻ കാത്ത് ഒരമ്മ
Published on

പലസ്തീനിൽ നിന്ന് ഇസ്രായേലിലേക്ക് ഒരു വഴി തുറക്കാൻ കാത്തിരിക്കുന്ന ഒരമ്മയുണ്ട് ഗാസയിൽ. ഒറ്റപ്രസവത്തിലെ മൂന്നു പെൺകുഞ്ഞുങ്ങളാണ് ഇസ്രായേലിലെ ആശുപത്രിയിലുള്ളത്. മാതാവ് യുദ്ധം തുടങ്ങിയപ്പോൾ മുതൽ ഗാസയിലുമാണ്.

ഒറ്റപ്രസവത്തില്‍ ഹനാൻ അൽ-ബയൂക്കിന് പിറന്നത് മൂന്ന് പെൺകുഞ്ഞുങ്ങളാണ്. സങ്കീർണതകളേറെയുള്ള പ്രസവമായിരിക്കുമെന്ന് ഡോക്ടർമാരെല്ലാം പറഞ്ഞു.അതിനുള്ള സൗകര്യങ്ങള്‍ ഗാസയിലുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇസ്രയേല്‍ അധിനിവേശ ജെറുസലേമിലെ അല്‍-മകാസ്ദ് ആശുപത്രി തെരഞ്ഞെടുത്തത്. 2023 ഓഗസ്റ്റില്‍ 26 കാരിയായ ഹനാന്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി.

മാസമെത്താതെയായിരുന്നു പ്രസവം. കുഞ്ഞുങ്ങള്‍ക്ക് ഭാരക്കുറവുമുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ തന്നെ തുടരേണ്ടിവന്നു.എന്നാല്‍ ആ വർഷം ഒക്ടോബറില്‍ ഗാസക്കെതിരെ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാനാവാതെ ഹനാന് ഗാസയിലേക്ക് മടങ്ങേണ്ടി വന്നു.

പിന്നീടിന്നുവരെ അമ്മയുടെ ചൂടറിയാതെയാണ് ആ കുഞ്ഞുങ്ങള്‍ വളർന്നത്. അകലെയുള്ള അമ്മ വീഡിയോകോളിലൂടെ വരുമ്പോള്‍ കുഞ്ഞിക്കൈകൾ എത്തിപ്പിടിക്കാന്‍ നോക്കും. ഇനിയെന്നാണ് ഒന്ന് വാരിയെടുത്ത് മുത്താനാവുക എന്നറിയാതെ വേദനയൊതുക്കി ഹനാന്‍ അവരെ കൊഞ്ചിക്കും. കളിപ്പാട്ടങ്ങള്‍ക്കിടയിലൂടെ ഓടിക്കളിക്കുന്ന കുഞ്ഞുങ്ങളെ ഊട്ടാനും ഉറക്കാനും ആശുപത്രിയിലൊരുപാട് അമ്മമാരുണ്ടെന്നതാണ് ഹനാന്‍റെ ആശ്വാസം. ഹനാന്‍റെ ചിത്രം കാട്ടി അമ്മയെന്ന് വിളിക്കാന്‍ പഠിപ്പിക്കുന്നത് അവരാണ്.

ദൂരെയാണെങ്കിലും ഗാസയിലെ പതിനായിരക്കണക്കിന് കുട്ടികൾക്കു കിട്ടാത്ത നിറമുള്ള കുട്ടിക്കാലം ഹനാന്‍റെ കുഞ്ഞുങ്ങള്‍ക്കുണ്ട്. യുദ്ധത്തിലിതുവരെ 13,000 ലധികം കുഞ്ഞുങ്ങള്‍ ഗാസയില്‍ മരിച്ചതായാണ് യുഎന്‍ റിപ്പോർട്ട്. ജീവന്‍ അവശേഷിക്കുന്നവർ കരയാനുള്ള ശക്തിപോലുമില്ലാതെ പട്ടിണിയിലും. അങ്ങനെയിരിക്കുമ്പോള്‍, വളർച്ചയുടെ പടികളോരോന്നും കയറുന്ന മക്കള്‍ക്ക് അമ്മയടുത്തില്ല എന്ന കുറവേയുള്ളൂ എന്ന് ഹനാന്‍ പറയും.പക്ഷേയത് വലിയൊരു കുറവ് തന്നെയാണല്ലോ.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com