പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

അമ്മ കൂടി സംശയത്തിന്റെ നിഴലില്‍ ആയതോടെ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു.
പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍
Published on


പെരുമ്പാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്ന് പ്രതി ധനേഷ് മൊഴി നല്‍കിയിരുന്നു. പ്രതിയുടെ സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഏറ്റെടുത്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്ന വിവരം അമ്മയ്ക്ക് അറിയാമെന്ന പ്രതി ധനേഷിന്റെ മൊഴി വിശദമായി പരിശോധിക്കുകയാണ് പൊലീസ്. അമ്മയെ ഉച്ചയോടേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണിപ്പോള്‍.

അധികം താമസിയാതെ ഇവരെ പ്രതിചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം ധനേഷ് ലൈംഗിക വൈകൃതമുള്ളയാളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പീഡന വിവരം പുറത്ത് പറയരുത് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ സമ്മര്‍ദം സഹിക്കാന്‍ കഴിയാതെ കുട്ടികള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

അമ്മ കൂടി സംശയത്തിന്റെ നിഴലില്‍ ആയതോടെ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തു. പെണ്‍കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികള്‍ക്ക് പഠന സഹായമടക്കം ഉറപ്പാക്കാനാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ തീരുമാനം.

മൂന്ന് വര്‍ഷം മുമ്പാണ് പെണ്‍കുട്ടികളുടെ അമ്മയും അയ്യമ്പുഴ സ്വദേശി ധനേഷും പരിചയപ്പെടുന്നത്. ടാക്സി ഡ്രൈവറായിരുന്ന ധനേഷിന്റെ വാഹനത്തിലായിരുന്നു പെണ്‍കുട്ടികളുടെ അച്ഛനെ ചികിത്സയ്ക്കായി കൊണ്ടുപോയിരുന്നത്. അച്ഛന്റെ മരണ ശേഷമാണ് ധനേഷ് പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

10 ഉം 12 ഉം വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ രണ്ട് വര്‍ഷത്തോളം പീഡനത്തിനിരയാക്കിയത്. ഈ കുട്ടികളുടെ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ കണ്ടതോടെ ഇവരെയും വീട്ടിലേക്ക് എത്തിക്കണമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങേണ്ടിവന്ന കുട്ടികള്‍ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് സഹപാഠിക്ക് നല്‍കിയ കത്ത് അധ്യാപികയ്ക്ക് ലഭിച്ചതോടെയാണ് പീഡന വിവരം പുറംലോകം അറിയുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com