"കഷ്ടതകൾ തുടങ്ങിയത് ദേവേന്ദു ജനിച്ചതിനു ശേഷം"; ബാലരാമപുരം കൊലപാതകത്തിൽ അമ്മയുടെ മൊഴി പുറത്ത്

പ്രതിക്രിയക്ക് വേണ്ടി പലതവണയായി ജ്യോത്സ്യൻ്റെ നിർദേശപ്രകാരം കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു
"കഷ്ടതകൾ തുടങ്ങിയത് ദേവേന്ദു ജനിച്ചതിനു ശേഷം"; ബാലരാമപുരം കൊലപാതകത്തിൽ അമ്മയുടെ മൊഴി പുറത്ത്
Published on

ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത്. സാമ്പത്തിക ബുദ്ധിമുട്ട് വന്നത് കുഞ്ഞിൻ്റെ ജന്മശേഷം എന്ന് ജോത്സ്യൻ പറഞ്ഞതായി കുട്ടിയുടെ അമ്മയുടെ മൊഴി. ദേവേന്ദു ജനിച്ചതിനു ശേഷം ആണ് കഷ്ടതകൾ തുടങ്ങിയത്. പ്രതിക്രിയക്ക് വേണ്ടി കുഞ്ഞിൻ്റെ തല മൊട്ടയടിച്ചിരുന്നുവെന്നും കുട്ടിയുടെ അമ്മയുടെ മൊഴിയിൽ പറയുന്നുണ്ട്. പ്രതിക്രിയകൾ ചെയ്യുന്നതിനായി ജ്യോത്സ്യൻ കുടുംബത്തിൽ നിന്ന് പണം തട്ടിയിരുന്നു. കടം വാങ്ങിയുൾപ്പെടെ കുടുംബം പ്രതിക്രിയകൾ ചെയ്തിരുന്നു. പലതവണയായി ജ്യോത്സ്യൻ്റെ നിർദേശപ്രകാരം കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു.

കരിക്കകം സ്വദേശിയായ ജ്യോത്സ്യൻ ദേവീദാസിനെ പൊലീസ് മൊഴിയെടുക്കുന്നതിനായി സ്റ്റേഷനിൽ എത്തിച്ചിരുന്നു. ദേവീദാസിനെ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്. കുടുംബത്തിന് വ്യത്യസ്തതരം ആചാരങ്ങളും പൂജകളും മറ്റും ഉണ്ടായിരുന്നതായി അയൽവാസികളും പറയുന്നുണ്ട്.

അതേസമയം ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും രംഗത്തെത്തി. ശ്രീതു ഒരു കാര്യവും കേള്‍ക്കാറില്ലെന്നും കുട്ടിയുടെ കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ പുറത്തുകൊണ്ടു വരണം എന്നുമാണ് ഭര്‍ത്താവും ഭര്‍തൃപിതാവും ആരോപിക്കുന്നത്.

സംഭവത്തില്‍ കുറ്റം ഏറ്റെടുത്ത് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ രംഗത്തെത്തിയിരുന്നു. ഹരികുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശ്രീതുവിൻ്റെയും ഹരികുമാറിൻ്റെയും കൊലപാതകത്തിന്റെ തലേദിവസമുള്ള മെസേജുകൾ ഫോണിൽ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിരുന്നു. കുഞ്ഞിൻ്റെ അമ്മ ശ്രീതുവിൻ്റെയും അമ്മാവൻ ഹരികുമാറിൻ്റെയും ഫോൺ ശാസ്ത്രീയ പരിശോധനക്കയക്കും. രണ്ട് പേരും തമ്മിലുള്ള ചാറ്റുകൾ വീണ്ടെടുക്കുന്നതിനാണ് പരിശോധന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com