ജമ്മു കശ്മീരില്‍ സുരക്ഷ സേനയുടെ അന്വേഷണങ്ങളെ വെല്ലുവിളിച്ച് മലയും മയക്കുമരുന്ന് കച്ചവടവും

18 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പൂഞ്ച്, രജൗരി മേഖലകളില്‍ വീണ്ടും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. 2021 ഒക്‌ടോബറില്‍ സുരന്‍കോട്ട് വന മേഖലയിലാണ് പട്ടാളത്തിനെതിരെ ആദ്യ പ്രധാന ആക്രമണം നടക്കുന്നത്.
ജമ്മു കശ്മീരില്‍ സുരക്ഷ സേനയുടെ അന്വേഷണങ്ങളെ വെല്ലുവിളിച്ച് മലയും മയക്കുമരുന്ന് കച്ചവടവും
Published on

ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ വീണ്ടും കലുഷിതമാവുകയാണ്. ബോര്‍ഡറിനോട് ചേര്‍ന്ന് കിടക്കുന്ന പൂഞ്ച് മേഖലയിലെ മലനിരകളില്‍ പാക്കിസ്ഥാന്‍ തീവ്രവാദികള്‍ കടന്നുകയറി ഒളിച്ചിരിക്കുന്നു എന്ന അസ്വസ്ഥത ജനിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് കശ്മീരില്‍ നിന്നും വരുന്നത്. തീവ്രവാദ ആക്രമണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഈ മേഖലകളില്‍ നടക്കുന്ന സൈന്യത്തിന്‍റെ തിരച്ചിലിന് നിബിഡവനങ്ങള്‍ വെല്ലുവിളിയായിരിക്കുകയാണ്. 18 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് പൂഞ്ച്, രജൗരി മേഖലകളില്‍ വീണ്ടും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്. 2021 ഒക്‌ടോബറില്‍ സുരന്‍കോട്ട് വനമേഖലയിലാണ് പട്ടാളത്തിനെതിരെ ആദ്യ പ്രധാന ആക്രമണം നടക്കുന്നത്.

അന്ന് മുതല്‍ പിര്‍-പഞ്ചല്‍ മലനിരകള്‍ ജമ്മു കാശ്മീരിന്‍റെ സുരക്ഷ പ്രവര്‍ത്തനങ്ങളെ കുഴയ്ക്കുന്ന യാഥാര്‍ത്ഥ്യമാണ്. ജമ്മു കാശ്മീരിന് ഭരണഘടന പ്രകാരം പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായി. റീസിയില്‍ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തോട് ശക്തമായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാ സേനയോട് മുഴുവന്‍ തീവ്രവാദ വിരുദ്ധ ശേഷിയും വിനിയോഗിക്കാന്‍ ആവശ്യപ്പെട്ടു. ഈ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല സുരക്ഷ വിശകലന മീറ്റിങ്ങും നടത്തിയിരുന്നു.

പിര്‍ -പഞ്ചല്‍, ചെനാബ് മേഖലകളിലെ ഹിന്ദു വിഭാഗത്തെ സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ മേഖലയില്‍ തീവ്രവാദം സജീവമായിരുന്ന സമയത്ത് ഹിന്ദു വിഭാഗങ്ങള്‍ വലിയ തോതില്‍ ആക്രമിക്കപ്പെട്ടിരുന്നു. 1990 ന് സമാനമായ സാഹചര്യം സൃഷ്ടിക്കുവാനാണ് തീവ്രവാദികളുടെ ശ്രമമെന്നാണ് പൊലീസ് പറയുന്നത്. ദോഡ, പൂഞ്ച്, രജൗരി മേഖലകളിലെ ഗ്രാമങ്ങളില്‍ നിന്നും സര്‍ക്കാര്‍ ആയുധവും പരിശീലനവും നല്‍കി വികസിപ്പിച്ചെടുത്ത ഗ്രാമീണ പ്രതിരോധ സേനയെ പൊലീസ് വീണ്ടും രംഗത്തിറക്കിയിരിക്കുകയാണ്. ഇതില്‍ 28000 പേര്‍ ഗ്രാമത്തിലെ ഹിന്ദു വിഭാഗത്തില്‍ നിന്നുമുള്ളവരാണ്.

2003ല്‍ സൈന്യവും പൊലീസും പ്രദേശനിവാസികളും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഈ മേഖലയിലെ തീവ്രവാദം അവസാനിപ്പിച്ചത്. എന്നാല്‍ 2021 മുതല്‍ വീണ്ടും അസ്വസ്ഥതകള്‍ ഉടലെടുത്ത് തുടങ്ങി. പൂഞ്ച്, രജൗരി, ദോഡ മേഖലകളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ബാക്കിപത്രമാണ്. പ്രദേശവാസികളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂ എന്നാണ് പൊലീസ് പറയുന്നത്. അതിര്‍ത്തി കടന്നുള്ള മയക്കുമരുന്ന് കച്ചവടമാണ് തീവ്രവാദം ഈ മേഖലകളിലേക്ക് തിരികെ വരാന്‍ കാരണം. ഇതിനെ നേരിടുകയെന്ന് പറയുന്നത് സങ്കീര്‍ണ്ണമായ വിഷയമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com