ഹസൻ നസ്റള്ളയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത് പതിനായിരക്കണക്കിന് ആളുകള്‍; 'ലബ്ബയ്ക യാ നസ്റള്ള' മുദ്രാവാക്യം ഉയർത്തി അനുയായികൾ

ഇസ്രയേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്റള്ളയുടെ സംസ്‌കാര ചടങ്ങുകള്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് നടന്നത്
ഹസൻ നസ്റള്ളയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത് പതിനായിരക്കണക്കിന് ആളുകള്‍; 'ലബ്ബയ്ക യാ നസ്റള്ള' മുദ്രാവാക്യം ഉയർത്തി അനുയായികൾ
Published on

ലബനനില്‍ നടന്ന ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്റള്ളയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് പതിനായിരക്കണക്കിന് ആളുകള്‍. സംസ്കാര ചടങ്ങിനിടെ ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ലബനനിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് പ്രദേശത്ത് എത്തി. ഇസ്രയേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹസന്‍ നസ്റള്ളയുടെ സംസ്‌കാര ചടങ്ങുകള്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് നടന്നത്.

ബെയ്റൂട്ടിലെ കാമിൽ ചാമൗൺ സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയം. തെരുവോരത്തെ ഓരോ കെട്ടിടത്തേയും പൊതിഞ്ഞ് ഒരു മനുഷ്യന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. ഇസ്രയേലിനെ എന്നും അസ്വസ്ഥപ്പെടുത്തിയ നേതാവ്. ഹിസ്ബുള്ള മുൻ സെക്രട്ടറി ജനറൽ ഹസൻ നസ്റള്ള.

ബെയ്റൂട്ട് പാതയോരങ്ങളിലെ വൻ ജനാവലി നസ്‌റള്ളയുടെ ജീവിതത്തിന്റെ അടയാളപ്പെടുത്തലായി. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ ഹിസ്ബുള്ളയുടെ പതാകകൾ പുതപ്പിച്ച മൃതദേഹം എത്തിയതോടെ 'ലബ്ബയ്ക യാ നസ്റള്ള' എന്ന മുദ്രാവാക്യം ഉയർന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.

ഹസൻ നസ്റള്ളയുടെയും ഇസ്രയേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹാഷിം സെയ്ഫുദ്ദീന്റെയും മൃതശരീരങ്ങൾ വാഹനത്തിൽ ഒരുമിച്ച് വച്ചായിരുന്നു സ്റ്റേഡിയത്തിലേക്കുള്ള വിലാപയാത്ര. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് ആളുകൾ സംസ്‌കാര ചടങ്ങിലെത്തിയത്. നസ്റള്ളയുടെ ചിത്രങ്ങൾ വച്ചുള്ള കൂറ്റൻ ഫ്ലക്സുകൾ വഴിയോരങ്ങളിലെ കെട്ടിടങ്ങളിലോരോന്നിലും പതിച്ചിരുന്നു.

അന്തിമോപചാര ചടങ്ങുകൾ നടക്കുമ്പോൾ ഇസ്രയേലി യുദ്ധവിമാനങ്ങൾ ലബ്നനിന്റെ വ്യോമാതിർത്തി ലംഘിച്ച് പ്രദേശത്ത് എത്തി. പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ അവ താഴ്ന്നു പറന്നു, യുദ്ധവിമാനങ്ങളുടെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ ജനങ്ങൾ പ്രതിരോധമുയർത്തി.

65 രാജ്യങ്ങളിൽ നിന്നായി 800 പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തുമെന്നായിരുന്നു ഹിസ്ബുള്ള ഔദ്യോഗിക വിഭാഗം അറിയിച്ചത്. ചടങ്ങിൽ പങ്കെടുത്ത ഹിസ്ബൊള്ളയുടെ പുതിയ മേധാവി നയിം ഖാസിം നസ്റള്ളയുടെ പാത പിന്തുടരുമെന്ന് പ്രഖ്യാപിച്ചു. നസ്റള്ളയുടെ താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും ഖാസി പറഞ്ഞു.

സ്റ്റേഡിയത്തിലെ പൊതുദർശനത്തിന് ശേഷം സയ്യിദ് ഹസൻ നസറുല്ലയുടെ മൃതദേഹം തെക്കൻ ബെയ്‌റൂത്തിൽ സംസ്കരിച്ചു. സയ്യിദ് ഹാഷിം സെയ്ഫുദ്ദീന്റെ മൃതദേഹം തിങ്കളാഴ്ച്ച സ്വന്തം നാടായ ദെയ്ർ ക്വാനൻ അൽ നഹറിലാണ് സംസ്കരിക്കുക. കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നസ്റള്ള കൊല്ലപ്പെട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com