
അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തെ തുടർന്ന് മഹാരാഷ്ട്രയിൽ ഇന്ന് ദുഖാചരണം. ടാറ്റയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അറിയിച്ചു. ഇന്ന് രാവിലെ പത്ത് മണി മുതൽ മുംബൈയിലെ നാഷ്ണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഉച്ചകഴിഞ്ഞ് വെർളിയിലെ പൊതു ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ഇന്നലെ രാത്രി 11.30 യോടെയായിരുന്നു ടാറ്റയുടെ അന്തരിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യവാനാണെന്നും നിലവിൽ ആശങ്കപ്പെടാനില്ലെന്നും വ്യക്തമാക്കി കൊണ്ട് കഴിഞ്ഞ ദിവസം രത്തൻ ടാറ്റ തന്നെ എക്സിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ALSO READ: "വേഗം നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കണം... പക്ഷേ ദൂരം നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം": രത്തൻ ടാറ്റ
ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തെ സ്വർണ ഹൃദയമുള്ള മനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് രത്തൻടാറ്റ. തൻ്റെ ബിസിനസ് മിടുക്കിൽ മാത്രമല്ല പ്രചോദനാത്മകമായ ശൈലിയിലും ശ്രദ്ധേയമാണ് അദ്ദേഹത്തിൻ്റെ ജീവിതം. സഹജീവികളോടുള്ളതു പോലെ തന്നെ മിണ്ടാപ്രാണികളായ മൃഗങ്ങളോടും രത്തൻ ടാറ്റ പ്രത്യേകമായ സ്നേഹം പുലർത്തിയിരുന്നു.
നായകൾക്ക് വേണ്ടി മുംബൈയിൽ ആരംഭിച്ച മൃഗാശുപത്രിയാണ് രത്തൻ ടാറ്റയുടെ അവസാന സംരംഭം. രത്തൻ ടാറ്റായുടെ ദീർഘകാല സ്വപ്ന പദ്ധതിയായിരുന്നു ഇത്. 165 കോടി ചെലവിട്ട് അത്യാധുനിക സംവിധാനങ്ങളോടു കൂടിയായിരുന്നു നിർമ്മാണം. ജൂലൈ ഒന്നിന് ടാറ്റാ ട്രസ്റ്റിൻ്റെ സ്‌മോൾ അനിമൽ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.
ഇന്ത്യൻ നിരത്തുകളിൽ കുടുംബങ്ങൾക്ക് മഴ നനയാതെയും വെയിലേല്‍ക്കാതെയും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന വാഹനമെന്ന രത്തൻ ടാറ്റയുടെ സ്വപ്നത്തിൽ നിന്നാണ് ടാറ്റാ നാനോ എന്ന കുഞ്ഞന്‍ കാർ ഉടലെടുക്കുന്നത്. ഇരുചക്രവാഹനത്തിൽ ഒരു കുടുംബം ഞെരുങ്ങി യാത്ര ചെയ്യുന്നത് കാണാൻ ഇടയായതാണ് രത്തൻ ടാറ്റയെ ഈ ആശയത്തിലേക്ക് എത്തിച്ചത്.
രത്തൻ ടാറ്റയ്ക്കും പ്രിയപ്പെട്ട വാഹനങ്ങളിലൊന്ന് നാനോ തന്നെയാണ്. അദ്ദേഹം നാനോയിൽ വന്നിറങ്ങുന്നതും സഞ്ചരിക്കുന്നതും കണ്ട് അമ്പരന്നവർ വരെയുണ്ട്. മികച്ച ആശയങ്ങളുള്ള യുവാക്കളുടെ സ്റ്റാർട്ടപ്പുകൾക്കും രത്തൻ ടാറ്റ നിരവധി സഹായം നൽകിയിട്ടുണ്ട്. ഒരു പ്രതീക്ഷയുമില്ലാതെ ടാറ്റക്ക് കത്തെഴുതിയവരെ പോലും വിസ്മയിപ്പിച്ച് അദ്ദേഹം തിരിച്ചു വിളിക്കുകയും, കൂടിക്കാഴ്ചക്ക് അവസരം നൽകുകയും ചെയ്തിരുന്നു.