
കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറാൻ നീക്കം. ക്രൈംബ്രാഞ്ചിനും പ്രതിയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ കേസ് വിജിലൻസിന് കൈമാറണമെന്നവശ്യപ്പെട്ട് ജില്ലാ പൊലീസ് സംഘം ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ നാട് വിട്ട പ്രതി അഖിൽ സി വർഗീസ് ഇപ്പോഴും ഒളിവിലാണ്.
ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും നഗരസഭയിൽ മൂന്ന് കോടി തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരനെ പിടികൂടാനായില്ല. ഈ സാഹചര്യത്തിലാണ് കേസ് വിജിലൻസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് ഡിജിപിക്ക് കത്ത് നൽകി. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിയായ കേസുകളുടെ അന്വേഷണ ചുമതല വിജിലന്‍സിനാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് അഴിമതി നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോര്‍ട്ടു നല്‍കിയത്. എന്നാല്‍, വിജിലന്‍സിനു കേസ് കൈമാറാൻ ഡിജിപി ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.
ALSO READ: ഓണക്കാലമായിട്ടും! കോട്ടയം നഗരസഭയിലെ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിനു പിന്നാലെ പെൻഷൻ വിതരണം മുടങ്ങി
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിനു പിന്നാലെ അന്വേഷണ സംഘം പ്രതി അഖില്‍ സി വര്‍ഗസിനെ തപ്പി തമിഴ്‌നാട്ടിലെ പഴനി വരെ എത്തിയിരുന്നു. പക്ഷേ, പ്രതി ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. പിന്നീട് പ്രതിയെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചില്ല. പ്രതി മൊബൈല്‍ ഫോണോ എടിഎം കാര്‍ഡുകളോ ഉപയോഗിക്കാത്തതിനാൽ സൂചനകളൊന്നും അന്വേഷണ സംഘത്തിന് ലഭിക്കുന്നില്ല.
വിദേശത്തുള്ള ഭാര്യയുമായി ഫോണില്‍ ബന്ധപ്പെടാനുള്ള സാധ്യതകള്‍ കണക്കിലെടുത്തു നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും, അതും ഉണ്ടായിട്ടില്ല. ശാസ്ത്രീയ നിരീക്ഷണം തുടരുകയാണെന്നും വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നുമാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. ഇതിനിടയിലാണ് അന്വേഷണം വിജിലൻസിന് കൈമാറാൻ നീക്കം.