
കന്നഡക്കാർക്ക് സ്വകാര്യമേഖലയിൽ തൊഴിൽ സംവരണം നൽകുന്ന കർണാടക ബില്ലിനെ വിമർശിച്ച് ശശി തരൂർ എംപി. ഇത്തരത്തിലൊരു ബിൽ പാസാക്കുക എന്നത് ബുദ്ധിപരമായ നീക്കമല്ല. എല്ലാ സംസ്ഥാനങ്ങളും ഇങ്ങനെയൊരു ബിൽ കൊണ്ട് വന്നാൽ അത് ഭരണഘടനാ വിരുദ്ധമാകുമെന്നും ശശി തരൂർ പറഞ്ഞു. എന്നാൽ ബിൽ തടഞ്ഞുവയ്ക്കാനുള്ള സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടന അനുസരിച്ച്, ഓരോ പൗരനും ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി ജീവിക്കാനും ജോലി ചെയ്യാനും സഞ്ചരിക്കാനും അവകാശമുണ്ട്. ഹരിയാനയിലെ ഒരു സർക്കാർ സമാനമായ ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ സുപ്രീം കോടതി തള്ളിയിരുന്നു. എന്തിനാണ് കർണാടക സർക്കാർ അത് കൊണ്ടുവന്നതെന്ന് അറിയില്ല എന്നും എം പി പറഞ്ഞു. ഇത്തരമൊരു നിയമം നടപ്പാക്കിയാൽ സംസ്ഥാനത്ത് നിന്നുള്ള വ്യാപാരസ്ഥാപനങ്ങൾ തമിഴ്‌നാട്, കേരളം തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലേക്ക് മാറ്റപ്പെടുമെന്നും ശശി തരൂർ എം.പി കൂട്ടിച്ചേർത്തു.