നിലവിലെ സാഹചര്യം 1971ല്‍ നിന്ന് വ്യത്യസ്തം, ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ട; ശശി തരൂർ

നിലവിലെ സാഹചര്യം 1971ല്‍ നിന്ന് വ്യത്യസ്തം, ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ട; ശശി തരൂർ

ഭീകരർക്ക് താക്കീത് നല്‍കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അത് കെെവരിക്കാനായെന്നും ശശി തരൂർ
Published on


1971ലെ ഇന്ത്യ-പാക് യുദ്ധവുമായി നിലവിലെ സംഘർഷങ്ങളെ താരതമ്യം ചെയ്യേണ്ടതില്ലെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. നിലവിലെ സാഹചര്യം 1971ലേതില്‍ നിന്ന് വ്യത്യസ്തമാണ്. താരതമ്യം അനാവശ്യമാണ്. ഭീകരർക്ക് താക്കീത് നല്‍കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അത് കെെവരിക്കാനായെന്നും ശശി തരൂർ എംപി പറഞ്ഞു.


"1971 ലെ ഇന്ദിരാ ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അഭിമാനമുണ്ട്. നിലവിലെ സാഹചര്യം 1971 ല്‍ നിന്ന് വ്യത്യസ്തമാണ്. അന്ന് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ബംഗ്ലാദേശിന്റെ ധാര്‍മികമായ പോരാട്ടമാണ് നടന്നത്. ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്നത് ഇന്ത്യയുടെ വ്യക്തമായ ലക്ഷ്യമായിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദികളെ അയച്ചവരെ പാഠം പഠിപ്പിക്കുക എന്നതാണ് ഇന്നത്തെ പോരാട്ടത്തിന്റെ ലക്ഷ്യം. അത് കെെവരിക്കാനായി. ഇത് തുടര്‍ന്ന് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന യുദ്ധമല്ല" തരൂര്‍ പറഞ്ഞു.

ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കും മുന്‍പ്, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തി എന്ന വിവരം ആദ്യമായി പുറത്ത് വിട്ടത്. ഇതോടെ യുഎസ് ഇന്ത്യൻ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

1971 ല്‍ സമാനസാഹചര്യം ഉണ്ടായെന്നും അന്ന് ഇന്ദിര ഗാന്ധി അമേരിക്കയ്ക്ക് മുന്നില്‍ വഴങ്ങിയില്ലെന്നുമുള്ള ചർച്ചകളാണ് കോണ്‍ഗ്രസ് നടത്തിയത്. അശോക് ഗെഹ്ലോതും പവന്‍ഖേരയും അടക്കം മുതിർന്ന നേതാക്കള്‍ ഇന്ദിരാഗാന്ധിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രചരണത്തെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തരൂരിന്റെ പ്രതികരണം.

News Malayalam 24x7
newsmalayalam.com