
തൃശൂർ പൂരം വിവാദം ചർച്ചയായ സാഹചര്യത്തിൽ സംസ്ഥാന പൊലീസിൽ എഡിജിപി എം.ആർ അജിത് കുമാർ തുടങ്ങിയ സമാന്തര ഇന്റലിജൻസ് സംവിധാനം പിരിച്ചുവിട്ടു. 40 ഉദ്യോഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാൻ എഡിജിപി മനോജ് എബ്രഹാം നിർദേശം നൽകി. സംസ്ഥാന, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ നിലവിലുള്ളപ്പോൾ തുടങ്ങിയ പ്രത്യേക സംവിധാനത്തിനെതിരെ നേരത്തെ പരാതി ഉയർന്നിരുന്നു.
നാല് മാസങ്ങൾക്കു മുൻപാണ് സംസ്ഥാന പൊലീസ് മേധാവി അറിയാതെ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാർ സമാന്തര ഇന്റലിജൻസ് തുടങ്ങിയത്. ഈ സംവിധാനമാണ് നിലവിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം പിരിച്ചുവിട്ടത്. തനിക്കു മാത്രം വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ 40 ഉദ്യോഗസ്ഥരെയാണ് നോഡൽ ഓഫീസർമാരായി അജിത് കുമാർ നിയമിച്ചത്.
ജില്ലാ കമാൻഡ് സെന്ററുകളിൽ നിന്നുള്ള വിവരങ്ങൾ എഡിജിപി ഓഫീസിലെ കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു ഉദ്യോഗസ്ഥരുടെ ചുമതല. കമ്മീഷണർമാരുടെയും എസ്പിമാരുടെയും ഓഫീസുകളിലായിരുന്നു നിയോഗിച്ചത്. എന്നാൽ എംആർ അജിത് കുമാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇവർ.
40 പേരും അടിയന്തരമായി മാതൃയൂണിറ്റുകളിൽ പോയി റിപ്പോർട്ട് ചെയ്യാനാണ് മനോജ് എബ്രഹാമിന്റെ നിർദേശം. ഇതേ തുടർന്ന് എല്ലാവരും അതാത് യൂണിറ്റുകളിലേക്ക് മടങ്ങി. സംസ്ഥാന, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ നിലവിലുള്ളപ്പോഴാണ് തനിക്കു മാത്രമായി സമാന്തര ഇന്റലിജൻസ് എംആർ അജിത് കുമാർ തുടങ്ങിയത്. ഇതിനെതിരെ വ്യാപക പരാതിയും പ്രതിഷേധവുമാണ് സേനയ്ക്കുള്ളിലും പുറത്തും ഉണ്ടായിരുന്നത്. ഒപ്പം സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബും സർക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു.
അതേസമയം, എഡിജിപി എംആർ അജിത്കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ തത്കാലം വിതരണം ചെയ്യേണ്ടെന്ന തീരുമാനമെടുത്തിരിക്കുകയാണ് ഡിജിപിയുടെ ഓഫീസ്. ഡിജിപി ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിച്ചശേഷം മെഡൽ വിതരണം ചെയ്താൽ മതിയെന്നാണ് നിർദേശം. ഡിജിപിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്തെ എഐജി പുറത്തിറക്കിയ ഉത്തരവിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.