
നടി അനശ്വര രാജനെതിരെ സംവിധായകന്‍ ദീപു കരുണാകരന്‍ നടത്തിയ പ്രസ്താവനയെ തള്ളി മിസ്റ്റര്‍ ആന്‍ഡ് മിസിസ് സിനിമയുടെ നിര്‍മാതാവ് പ്രകാശ് ഗോപാലാന്‍. അനശ്വര സിനിമയോട് നിസ്സഹകരണം കാണിച്ചിട്ടില്ലെന്നാണ് നിര്‍മാതാവ് പറഞ്ഞത്. സിനിമ റിലീസ് ചെയ്യാന്‍ പോകുന്നേ ഉള്ളെന്നും ദീപുവിന്റെ പ്രസ്താവന സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നും നിര്‍മാതാവ് വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് ഇക്കാര്യം പറഞ്ഞത്.
'സിനിമ റിലീസ് ചെയ്യാന്‍ പോകുന്നതേയുള്ളു, പ്രമോഷന്‍ നടക്കാന്‍ ഇരിക്കുകയാണ് സിനിമയോട് ചിത്രീകരണ സമയത്ത് ഒന്നും അനശ്വര എന്റെ അറിവില്‍ നിസ്സഹകരണം കാണിച്ചിട്ടില്ല. സിനിമയുടെ പോസ്റ്റര്‍ ഫസ്റ്റ് ലുക്ക് കാര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ സാധിക്കാതിരുന്നത് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം ആ സമയങ്ങളില്‍ മൂന്ന് ദിവസം ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ നേരിട്ടത് കൊണ്ടാണ് എന്ന അറിയിച്ചിരുന്നതായാണ് എനിക്ക് മനസിലായത്. ദീപുവിന്റെ വ്യക്തിപരമായ കാര്യങ്ങളാണ് ദീപു അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ ദീപു നടത്തിയ പരാമര്‍ശം അനവസരത്തില്‍ ആയിപോയെന്നാണ് എന്റെ അഭിപ്രായം. ഇത് സിനിമയ്ക്ക് ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല' , പ്രകാശ് പറഞ്ഞു.
മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സഹകരിച്ച അനശ്വര ചിത്രത്തിന്റെ പ്രമോഷന് വിളിച്ചപ്പോള്‍ വന്നില്ലെന്നും ഫോണ്‍ എടുത്തില്ലെന്നുമാണ് സംവിധായകന്‍ ദീപു കരുണാകരന്റെ ആരോപണം. മറ്റ് സിനിമകളുടെ പോസ്റ്റര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച നടി ഈ സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചില്ലെന്നും ദീപു അറിയിച്ചിരുന്നു.
ഈ വിഷയത്തില്‍ നടി അനശ്വര രാജനും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'എന്റെ കരിയറിനെ ബാധിക്കണം എന്ന ദുരുദ്ദേശത്തോടെയാണ് സംവിധായകന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഇപ്പോഴും ഈ സിനിമയുടെ റിലീസ് തീയതി പോലും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പ്രമോഷന് വരാന്‍ ഇപ്പോഴും തയ്യാറാണ്. ആ സിനിമയുമായുള്ള കരാറിലുപരി അത് എന്റെ ഉത്തരവാദിത്തം ആണെന്ന തികഞ്ഞ ബോധ്യമുള്ള വ്യക്തിയാണ് ഞാന്‍. സിനിമയുടെ പോസ്റ്ററുകള്‍ പങ്കുവെച്ചിരുന്നു. ആദ്യം പ്രഖ്യാപിച്ച റിലീസ് തിയതിയോട് അനുബന്ധിച്ച് പ്രമോഷന്‍ ഇന്റര്‍വ്യൂ നല്‍കുകയും ചെയ്തു' , എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അനശ്വര വ്യക്തമാക്കി. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പോസ്റ്റ് ചെയ്തിരുന്നു.