2025 ഐപിഎൽ സീസണിൽ കളിക്കുമോ? എന്ന് വിരമിക്കും? വൻ വെളിപ്പെടുത്തലുമായി ധോണി

മെഗാ ലേലത്തിന് മുന്നോടിയായി ഒക്ടോബർ 31ന് ചെന്നൈ മാനേജ്മെൻ്റിനോട് ധോണി തൻ്റെ ഭാവി പദ്ധതികൾ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ
മഹേന്ദ്ര സിങ് ധോണി
മഹേന്ദ്ര സിങ് ധോണി
Published on


ക്രിക്കറ്റിൽ രണ്ട് ലോകകപ്പ് ട്രോഫികൾ കയ്യിലേന്തിയ ഏക ഇന്ത്യൻ നായകനായ മഹേന്ദ്ര സിങ് ധോണി, താൻ ക്രിക്കറ്റിൽ ഇനിയെത്ര കാലം കൂടി കളിക്കുമെന്നതിനെ കുറിച്ചൊരു സൂചന നൽകിയിരിക്കുകയാണ്. ഈ വാർത്ത ക്രിക്കറ്റ് ആരാധകർക്ക് ഏറെ ആവേശം പകരുന്നതാണ്. നിലവിൽ ഐപിഎല്ലിലെ ഏറ്റവും താരമൂല്യവും ആരാധകരുമുള്ള കളിക്കാരനാണ് ധോണി.

43 കാരനായ എം.എസ്. ധോണി 2025 ഇന്ത്യൻ പ്രീമിയർ ലീഗിലും അടുത്ത ഏതാനും വർഷങ്ങൾ കൂടി കളിക്കുമെന്നാണ് ഒരു പൊതുപരിപാടിയിൽ വെച്ച് പ്രഖ്യാപിച്ചത്. ധോണി ബ്രാൻഡ് അംബാസഡറായ സോഫ്‌റ്റ്‌വെയർ ബ്രാൻഡിൻ്റെ പ്രൊമോഷണൽ ഇവൻ്റിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സിൻ്റെ 2025 ഐപിഎൽ സീസണിലേക്ക് മാത്രമല്ല, മെഗാ ലേലത്തിന് ശേഷമുള്ള മൂന്ന് വർഷ കാലയളവിൽ കൂടി കളിച്ചേക്കുമെന്നാണ് ധോണി സൂചന നൽകിയത്.

“കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് കളിക്കാൻ കഴിയുന്ന ക്രിക്കറ്റ് ഇനിയും കൂടുതൽ ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ എല്ലാ വർഷവും എനിക്ക് ഒമ്പത് മാസത്തേക്ക് ഫിറ്റ്നസ് നിലനിർത്തിയാൽ മാത്രമെ അതിലൂടെ എനിക്ക് രണ്ടര മാസത്തെ ഐപിഎൽ കളിക്കാൻ കഴിയൂ. അത് പ്ലാൻ ചെയ്യേണ്ടതുണ്ട്. അതേസമയം, അൽപ്പം ജീവിതം ആസ്വദിക്കുകയും ചെയ്യണം," ധോണി പറഞ്ഞു.


"നിങ്ങൾ ഒരു പ്രൊഫഷണൽ സ്പോർട്സ് പോലെ ക്രിക്കറ്റ് കളിക്കുമ്പോൾ, അതൊരു ഗെയിം പോലെ ആസ്വദിക്കാൻ ബുദ്ധിമുട്ടാണ്. അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്. ഇത് എളുപ്പമല്ല, വികാരത്തള്ളിച്ചകൾ ഉണ്ടാകാറുണ്ട്. മാത്രമല്ല എനിക്ക് ചില പ്രതിബദ്ധതകളുമുണ്ട്. അടുത്ത കുറച്ച് വർഷങ്ങൾ കൂടി ക്രിക്കറ്റ് ആസ്വദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," ധോണി പറഞ്ഞു.

2024ലാണ് റുതുരാജ് ഗെയ്ക്‌വാദിനെ ക്യാപ്റ്റൻസി ഏൽപ്പിച്ച് വിക്കറ്റ് കീപ്പർ, ഫിനിഷർ റോളുകളിലേക്ക് മാത്രമായി ഒതുങ്ങിയത്. അതേസമയം, നിർണായക ഘട്ടങ്ങളിലെല്ലാം ടീമിന് മാർഗനിർദേശങ്ങളും ഫീൽഡ് ക്രമീകരണങ്ങളും നടത്തുന്നതിൽ താരം ശ്രദ്ധ ചെലുത്താറുണ്ട്. കഴിഞ്ഞ സീസണിൽ ധോണിയുടെ ബാറ്റിൽ നിന്ന് ചില സ്ഫോടനാത്മകമായ ഇന്നിങ്സുകളും കാണികൾക്ക് കാണാനായി. മെഗാ ലേലത്തിന് മുന്നോടിയായി ഒക്ടോബർ 31ന് ചെന്നൈ മാനേജ്മെൻ്റിനോട് ധോണി തൻ്റെ ഭാവി പദ്ധതികൾ വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com