'SSLC വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും'; വാട്‌സ്ആപ്പ് ചാനലിൽ നിന്ന് പരസ്യം പിന്‍വലിച്ച് എംഎസ് സൊല്യൂഷന്‍സ്

199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്നാണ് പരസ്യത്തിന്റെ തല വാചകം
'SSLC വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും'; 
വാട്‌സ്ആപ്പ് ചാനലിൽ നിന്ന് പരസ്യം പിന്‍വലിച്ച് എംഎസ് സൊല്യൂഷന്‍സ്
Published on

എസ്‌എസ്എൽസി വിഷയങ്ങളില്‍ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും എന്ന പേരിലുള്ള പരസ്യം പിൻവലിച്ച് എംഎസ് സൊല്യൂഷൻ. വാട്‌സ്‌ആപ്പ് ചാനലിൽ നിന്നാണ് പരസ്യം നീക്കം ചെയ്തത്. കഴിഞ്ഞ ദിവസമാണ് എസ്എസ്എൽസി വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും വാട്‌സ്‌ആപ്പ് വഴി ലഭ്യമാക്കുന്നുവെന്നാണ് പുതിയ പരസ്യം ഇവർ പ്രചരിപ്പിച്ചത്. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് എന്നാണ് പരസ്യത്തിന്റെ തല വാചകം. പി‍ഡിഎഫ് ഫയൽ ആയി ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്നാണ് അടുത്ത വാഗ്ദാനം.

ചോദ്യപേപ്പർ ചോർച്ചയിൽ സിഇഒ മുഹമ്മദ് ഷുഹൈബുമായി തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു പുതിയ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി യൂട്യൂബ് ചാനൽ വഴിയല്ല, മറിച്ച് വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് എംഎസ് സൊല്യൂഷന്റെ പരസ്യ പ്രചരണം നടത്തിയത്.

ചോദ്യപേപ്പർ ചോർച്ചാ കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിൽ മുഹമ്മദ് ഷുഹൈബ് അന്വേഷണ ഉദ്യോ​ഗസ്ഥരുടെ മുന്നിൽ കീഴടങ്ങുകയായിരുന്നു. കേസില്‍ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് മലപ്പുറം മേല്‍മുറി മഅ്ദിന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്യൂണായ പനങ്ങാങ്ങര സ്വദേശി അബ്ദുള്‍ നാസറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

വാട്‌സ്ആപ്പ് വഴിയാണ് നാസര്‍ എംഎസ് സൊലൂഷന്‍സിലെ അധ്യാപകന്‍ ഫഹദിന് ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത്. മുമ്പും ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയിരുന്നതായി പ്രതി അബ്ദുള്‍ നാസര്‍ സമ്മതിച്ചു. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വണ്‍ പരീക്ഷയുടെ കണക്ക് എന്നിവയുടെ ചോദ്യപേപ്പറുകള്‍ ഫോട്ടോയെടുത്ത് വാട്‌സ്ആപ്പ് വഴി അയച്ചു നല്‍കുകയായിരുന്നു.ഇയാള്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് ഫഹദ് മുന്‍പ് പ്രധാന അധ്യാപകനായി ജോലി ചെയ്തിരുന്നത്. ഈ ബന്ധത്തിന്റെ പുറത്താണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.


അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസിൽ ഗൂഢാലോചന നടന്നെന്ന് എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബ് ആരോപിച്ചിരുന്നു. എംഎസ് സൊല്യൂഷൻസിനെ തകർക്കാൻ ഒരു പ്രധാന സ്ഥാപനം ശ്രമിക്കുന്നെന്നും അതിന്റെ ഭാഗമായാണ് കേസെന്നുമാണ് സിഇഒ ആരോപിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com