
ക്രിസ്‌തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് വഴി ചോര്‍ന്ന സംഭവത്തില്‍ ആരോപണ വിധേയനായ എംഎസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് അയച്ചിട്ടും, ഷുഹൈബ് ഹാജരാകാൻ തയ്യാറായില്ല. ഹാജരാകാത്തതിനാൽ ഷുഹൈബിൻ്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് 31ലേക്ക് മാറ്റി.
വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതിനായി അന്വേഷണ സംഘം ബ്യൂറോ ഓഫ് ഇമിഗ്രേഷനുമായി ചർച്ച ചെയ്ത് നോട്ടീസ് പുറത്തിറക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഷുഹൈബിൻ്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും.
ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ സാമ്പത്തിക ഇടപാട് ഉണ്ടോ എന്നറിയാനാണ് പരിശോധന. മൊബൈൽ ഫോൺ ഡേറ്റ ഫോർമാറ്റ് ചെയ്‌ത നിലയിലാണ്. ഷുഹൈബിൻ്റെ മൊബൈൽ ഫോണും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ എംഎസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രേഖപ്പെടുത്തിയത്. തട്ടിപ്പുൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തി ആണ് എഫ്ഐആർ രേഖപ്പെടുത്തിയത്.