
പെട്രോൾ പമ്പ് അനുവദിക്കുന്നതിന് പി.പി. ദിവ്യയുടെ റോൾ എന്തെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. വിഷയത്തിൽ സിപിഎമ്മിന് കൈകഴുകാനാകില്ല. കണ്ണൂരിലെ സിപിഎമ്മിൻ്റെ അനധികൃത ഇടപാടുകൾ ചോദ്യം ചെയ്തതിനാലാണ് എഡിഎമ്മിന് ഈ ഗതി വന്നത്. സിപിഎം കുടുംബമായിട്ടും ഇതിന് കൂട്ട് നിൽക്കാത്തതിൻ്റെ പ്രതികാരം തീർത്തതാണെന്നും എം.ടി. രമേശ് ആരോപിച്ചു.
സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമായ നിലപാടാണ്. എഡിഎമ്മിൻ്റെ മരണം കൊലപാതകമാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം. അതിനു പകരം സർക്കാർ ഒഴിഞ്ഞും മറഞ്ഞും ന്യായീകരിക്കാൻ ശ്രമിക്കുകയാണ്. സ്വന്തം ജില്ലയിൽ നടന്ന വിഷയമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്തുകൊണ്ടാണ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകാത്തത് എന്താണ്? സിപിഎമ്മിൻ്റെ സൈബർ സഖാക്കളെ കൊണ്ട് എഡിഎമ്മിനെയും കുടുംബത്തെയും സമൂഹമധ്യത്തിൽ നാണം കെടുത്തുകയാണ് സംസ്ഥാന നേതൃത്വമെന്നും എം.ടി. രമേശ് ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. എഡിഎമ്മിൻ്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. വ്യാജ ആരോപണം ഉന്നയിച്ച പി.പി ദിവ്യക്കെതിരെയും പരാതിക്കാരൻ ടി.വി. പ്രശാന്തനെതിരെയും നവീൻ്റെ സഹോദരനും പൊലീസിൽ പരാതി നൽകിയിരുന്നു.