"രാജ്യത്തേക്ക് തിരികെ വിളിക്കും വരെ നിശബ്ദയായിരിക്കുക"; ഷെയ്ഖ് ഹസീനയോട് മുഹമ്മദ് യൂനസ്

ബംഗ്ലാദേശ് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന് വിലകൽപ്പിക്കുന്നെന്നും ഹസീനയുടെ പരാമർശങ്ങൾ ഇരുരാജ്യങ്ങൾക്കും നല്ലതല്ലാത്ത സാഹചര്യത്തിൽ അസ്വസ്ഥതയുണ്ടെന്നും യൂനസ് വ്യക്തമാക്കി.
"രാജ്യത്തേക്ക് തിരികെ വിളിക്കും വരെ നിശബ്ദയായിരിക്കുക"; ഷെയ്ഖ് ഹസീനയോട് മുഹമ്മദ് യൂനസ്
Published on

ഇന്ത്യയിൽ തുടരുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിശബ്ദയാവണമെന്ന നിർദേശവുമായി ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനസ്. ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ബംഗ്ലാദേശ് ആവശ്യപ്പെടുന്നത് വരെ നിശബ്ദയാവുന്നതാണ് ഇരു രാജ്യങ്ങളും തമ്മിൽ അസര്വാസ്യം ഉണ്ടാവാതിരിക്കാൻ നല്ലതെന്നാണ് യൂനസിൻ്റെ പ്രസ്താവന. ധാക്കയിലെ ഔദ്യോഗിക വസതിയിൽ നിന്ന് പിടിഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യൂനസിൻ്റെ പ്രതികരണം.

"ബംഗ്ലാദേശ് സർക്കാർ ഹസീനയെ തിരികെ വിളിക്കുന്നതുവരെ അവരെ രാജ്യത്ത് നിലനിർത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെങ്കിൽ, ഹസീന നിശബ്ദത പാലിക്കണം," യൂനസ് പറഞ്ഞു. അവാമി ലീഗ് ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളെയും ഇസ്ലാമിസ്റ്റായി ചിത്രീകരിക്കുകയും, ഷെയ്ഖ് ഹസീന ഇല്ലാത്ത ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനായി മാറുമെന്നുമുള്ള ഇന്ത്യയുടെ ചിന്താഗതി മാറണം. ബംഗ്ലാദേശ് ഇന്ത്യയുമായുള്ള ശക്തമായ ബന്ധത്തിന് വിലകൽപ്പിക്കുന്നെന്നും ഹസീനയുടെ പരാമർശങ്ങൾ ഇരുരാജ്യങ്ങൾക്കും നല്ലതല്ലാത്ത സാഹചര്യത്തിൽ അസ്വസ്ഥതയുണ്ടെന്നും യൂനസ് വ്യക്തമാക്കി.

"ഇന്ത്യയിൽ നിന്നുയരുന്ന ഹസീനയുടെ നിലപാടുകൾ ആർക്കും ഗുണകരമല്ല. കാരണം ഹസീനയെ തിരിച്ച് വിളിക്കാനും വിചാരണ ചെയ്യാനും ബംഗ്ലാദേശ് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും ഹസീനയുയർത്തുന്ന ചില പരാമർശങ്ങൾ പ്രശ്നങ്ങളുണ്ടാക്കുന്നു. ഹസീന മിണ്ടാതിരിക്കുകയാണെങ്കിൽ അവർ അവരുടെ കാര്യം നോക്കി ജീവിക്കുകയാണെന്ന ചിന്തയിൽ ഞങ്ങൾ എല്ലാം മറക്കുമായിരുന്നു. എന്നാൽ ഇന്ത്യയിൽ ഇരുന്ന് ഇത്തരത്തിൽ സംസാരിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യുന്നതിൽ എല്ലാവർക്കും അതൃപ്തിയുണ്ട്," യൂനസ് പിടിഐയോട് പറഞ്ഞു. 

ALSO READ: ഷെയ്ഖ് ഹസീനയുടെയും ക്യാബിനറ്റ് മന്ത്രിമാരുടെയും ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കിയേക്കും

രാജ്യത്ത് നീതീ വേണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് 13-ന് ഹസീന നടത്തിയ പ്രസ്താവനയെയാണ് യൂനസിനെ ചൊടിപ്പിച്ചത്. ഭീകരപ്രവർത്തനങ്ങൾ, കൊലപാതകങ്ങളും  കിരാതവാഴ്ചയും നടത്തുന്നവരെ കുറിച്ച് അന്വേഷിക്കുകയും തിരിച്ചറിയുകയും അവരെ ശിക്ഷിക്കുകയും ചെയ്യണമെന്നായിരുന്നു ഹസീന പറഞ്ഞത്.

ഹസീനയെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്നായിരുന്നു യൂനസിൻ്റെ പക്ഷം. "ഹസീനയെ തിരികെ കൊണ്ടുവരണം, അല്ലെങ്കിൽ ബംഗ്ലാദേശിലെ ജനങ്ങൾക്ക് സമാധാനമുണ്ടാകില്ല. അവർ ചെയ്ത ക്രൂരതകൾക്ക് രാജ്യത്തുള്ള എല്ലാവരുടെയും മുന്നിൽ വിചാരണ ചെയ്യപ്പെടണം,” യൂനസ് ഊന്നിപ്പറഞ്ഞു. ഇന്ത്യയുമായി നല്ല ബന്ധത്തിന് ആഗ്രഹമുണ്ടെന്നായിരുന്നു  ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് യൂനസ് നൽകിയ ഉത്തരം. എന്നാൽ ഹസീനയുടെ നേതൃത്വം മാത്രമേ ബംഗ്ലാദേശിൽ സ്ഥിരത ഉറപ്പാക്കൂ എന്ന ആഖ്യാനം ഇന്ത്യ ഉപേക്ഷിക്കണമെന്ന് യൂനസ് കൂട്ടിച്ചേർത്തു.


വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് രാജിവെച്ച ശേഷം ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്‌തത്. തുടർന്ന് ബംഗ്ലാദേശിന്റെ ഇടക്കാല ഭരണാധികാരിയായി നൊബേൽ ജേതാവ് മുഹമ്മദ് യൂനസ് അധികാരത്തിലേറുകയായിരുന്നു.

അതേസമയം ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ ആക്രമണം നടക്കുന്നതായി അവകാശപ്പെടുന്ന നിരവധി വീഡിയോകൾ ബംഗ്ലാദേശിൽ നിന്ന് വന്നിരുന്നു. ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടുകയും, ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പെടുന്ന പുരുഷന്മാരെയും സ്ത്രീകളെയും ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യൻ കൾച്ചറൽ സെൻ്ററും ഇസ്‌കോൺ ക്ഷേത്രവും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ നശിപ്പിക്കപ്പെട്ടു.

ALSO READ: "ഒരു രാക്ഷസി ഇല്ലാതായിരിക്കുന്നു"; ഷെയ്ഖ് ഹസീനയുടെ രാജിയിൽ വിദ്യാർഥികളെ പ്രശംസിച്ച് മുഹമ്മദ് യൂനസ്

പിന്നാലെ ബംഗ്ലാദേശിൽ താമസിക്കുന്ന മുഴുവൻ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് ബംഗ്ലാദേശ് സർക്കാർ ഉറപ്പുനൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻ്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ് തന്നെ വിളിച്ച് ഉറപ്പുനൽകിയതായിരുന്നു പ്രധാനമന്ത്രി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com