'ഷെയ്ഖ് ഹസീന ഭരണകൂടം എല്ലാം നശിപ്പിച്ചു'; ബംഗ്ലാദേശില്‍ ഭരണഘടന, ജുഡീഷ്യല്‍ പരിഷ്കരണങ്ങള്‍ക്കൊരുങ്ങി മുഹമ്മദ് യൂനസ്

ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കേവലം പ്രൊപ്പഗാണ്ടയാണെന്നും മുഖ്യ ഉപദേഷ്ടാവ് വ്യക്തമാക്കി
'ഷെയ്ഖ് ഹസീന ഭരണകൂടം എല്ലാം നശിപ്പിച്ചു'; ബംഗ്ലാദേശില്‍ ഭരണഘടന, ജുഡീഷ്യല്‍ പരിഷ്കരണങ്ങള്‍ക്കൊരുങ്ങി മുഹമ്മദ് യൂനസ്
Published on

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ വിമർശനവുമായി ഇടക്കാല ഭരണകൂടത്തിന്‍റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനസ്. ഷെയ്ഖ് ഹസീനയുടെ ഭരണകാലം എല്ലാം നശിപ്പിച്ചെന്നും രാജ്യത്ത് ഭരണഘടന, ജൂഡീഷ്യൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നതിന് ശേഷമേ പൊതുതെരഞ്ഞെടുപ്പ് നടത്തുകയുള്ളുവെന്നും മുഹമ്മദ് യൂനസ് വ്യക്തമാക്കി. ജാപ്പനീസ് പത്രം നിക്കി ഏഷ്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു യൂനസിൻ്റെ പ്രതികരണം.

ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ ക്രൈം ട്രിബ്യൂണലിൽ, വിചാരണ പൂർത്തിയായാൽ ഇന്ത്യ ഹസീനയെ കൈമാറണമെന്നും യൂനസ് ആവർത്തിച്ചു. "വിചാരണ പൂർത്തിയായി വിധി വന്നാൽ, ഇരു രാജ്യങ്ങളും ഒപ്പിട്ട അന്താരാഷ്ട്ര നിയമപ്രകാരം അവരെ കൈമാറാൻ ഞങ്ങൾ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർത്ഥിക്കും. ഇന്ത്യ അത് അനുസരിക്കാൻ ബാധ്യസ്ഥരായിരിക്കും" യൂനുസ് പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിൻ്റെ ആശങ്കകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും കേവലം പ്രൊപ്പഗാണ്ടയാണെന്നും മുഖ്യ ഉപദേഷ്ടാവ് വ്യക്തമാക്കി.

Also Read: 'ഇന്ത്യ പരീക്ഷണശാല' എന്ന് ബില്‍ ഗേറ്റ്സ്; വാക്സിന്‍ പരീക്ഷണങ്ങള്‍ ഓർമപ്പെടുത്തി സമൂഹമാധ്യമങ്ങള്‍

ഓഗസ്റ്റിൽ ഷെയ്ഖ് ഹസീനയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് ശേഷം ഇരു അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായി തീർന്നിരുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കളെയും മറ്റ് ന്യൂനപക്ഷങ്ങളെയും പ്രത്യേകമായി ലക്ഷ്യമിടുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദു സന്ന്യാസി ചിൻമോയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റോടെയാണ് സ്ഥിഥിഗതികള്‍ കൂടുതൽ വഷളായത്.

ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര അസ്വാരസ്യങ്ങള്‍ കാരണം നിർജ്ജീവമായ സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോ-ഓപ്പറേഷൻ (സാർക്ക്) പുനരുജ്ജീവിപ്പിക്കാന്‍ നിർദേശിച്ചതായും യൂനസ് അറിയിച്ചു. തെരഞ്ഞെടുപ്പ് സമ്പ്രദായം, ഭരണഘടന, ജുഡീഷ്യറി തുടങ്ങിയ മേഖലകളിലെ പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരവധി കമ്മീഷനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് യൂനസ് അഭിമുഖത്തിൽ പറഞ്ഞു. ആ കമ്മീഷനുകളുടെ ശുപാർശകൾ ലഭിച്ചശേഷം ജനുവരിയോടെ സമ്പൂർണ പരിഷ്‌കാരങ്ങൾ സർക്കാർ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com