ഡ്രാക്കുളകളുടെ സ്പോൺസറായി ധനമന്ത്രി മാറി, കോർപ്പറേറ്റ് കമ്പനികൾക്കായി കേന്ദ്ര സർക്കാർ ദാസ്യവേല ചെയ്യുന്നു: മന്ത്രി മുഹമ്മദ് റിയാസ്

കുറ്റക്കാരെ ശിക്ഷിക്കാൻ ഇടപെടേണ്ട കേന്ദ്ര സർക്കാർ വീട്ടുകാരെ കുറ്റപ്പെടുത്തുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു
ഡ്രാക്കുളകളുടെ സ്പോൺസറായി ധനമന്ത്രി മാറി, കോർപ്പറേറ്റ് കമ്പനികൾക്കായി കേന്ദ്ര സർക്കാർ ദാസ്യവേല ചെയ്യുന്നു: മന്ത്രി മുഹമ്മദ് റിയാസ്
Published on


EY ജീവനക്കാരി അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ്റെ വിവാദ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ്. നിർമല സീതാരാമൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും കുറ്റക്കാരെ ശിക്ഷിക്കാൻ ഇടപെടേണ്ട കേന്ദ്ര സർക്കാർ വീട്ടുകാരെ കുറ്റപ്പെടുത്തുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സാമ്പത്തിക ലാഭം കൊയ്യുന്ന ഡ്രാക്കുളകളായി ഇത്തരം കമ്പനികൾ മാറി. ഡ്രാക്കുളകളെ സംരക്ഷിക്കുന്ന സ്പോൺസറായി ധനമന്ത്രി മാറി. കോർപ്പറേറ്റ് കമ്പനികളെ സംരക്ഷിക്കുന്ന ദാസ്യവേല ചെയ്യുകയാണ് കേന്ദ്ര സർക്കാരെന്നും മന്ത്രി വിമർശിച്ചു. ഇത്തരം കമ്പനികളിലെ തൊഴിൽ ചൂഷണത്തിൽ കർശന നടപടി വേണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

ധനമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ നേരത്തെ രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന നിന്ദ്യവും വിചിത്രവുമാണ്. അന്ന ജോലി ചെയ്ത തൊഴിൽ സാഹചര്യം, നേരിട്ട മാനസിക സമ്മർദം, മാനേജ്മെൻ്റിൻ്റെ കുറ്റകരമായ നടപടികൾ എന്നിവയെ കുറിച്ച് കേന്ദ്രമന്ത്രി പരാമർശിച്ചില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷയത്തിൽ നടപടികൾ സ്വീകരിക്കാതെ അന്നയേയും മാതാപിതാക്കളെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പു പറയണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ നിർമല സീതാരാമൻ്റെ പ്രതികരണം ഏറെ ചർച്ചയാകുകയാണ്. ജോലി സമ്മർദത്തെ എങ്ങനെ നേരിടണമെന്ന് വീടുകളില്‍ നിന്ന് പഠിപ്പിച്ച് കൊടുക്കണമെന്നും, ദൈവത്തെ ആശ്രയിച്ചാലേ സമ്മർദങ്ങളെ നേരിടാനാകൂവെന്നുമാണ് നിർമല പറഞ്ഞത്. മനശക്തി വർധിപ്പിക്കാനുള്ള വഴികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുടുംബങ്ങളിലും പഠിപ്പിച്ചാൽ, സമ്മർദത്തെ അതിജീവിക്കാനാകുമെന്നും നിർമല പറഞ്ഞു. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിലെ ചടങ്ങിനെത്തിയപ്പോഴായിരുന്നു നിർമലയുടെ ഈ വിവാദ പരാമർശം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com