
ലൈംഗിക പീഡന കേസിൽ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെ നടനും എംഎൽഎയുമായ എം. മുകേഷ്. കേസ് അന്വേഷിക്കാനായി കൊച്ചിയിലെത്തിയ സംഘത്തിന് മരട് സ്ഥിതി ചെയ്യുന്ന വില്ലയുടെ താക്കോൽ കൈമാറാൻ വിസമ്മതിക്കുകയായിരുന്നു. ഇതോടെ പരിശോധന നടത്താൻ കഴിയാതെ സംഘം മടങ്ങി. ഇന്നലെ വൈകീട്ടായിരുന്നു അന്വേഷണസംഘം മുകേഷിൻ്റെ വില്ലയിലെത്തിയത്.
അതേസമയം ലൈംഗികാരോപണ കേസിൽ എംഎൽഎയും നടനുമായ മുകേഷിന് അനുകൂലമായ തെളിവുകളുണ്ടെന്നും, പരാതിക്കാരിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്നുമാണ് മുകേഷിൻ്റെ അഭിഭാഷകനായ അഡ്വ. ജിയോ പോളിൻ്റെ വാദം. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും, മുകേഷ് ബ്ലാക്ക് മെയിലിംഗിന് ഇരയാകുകയായിരുന്നു എന്നും ജിയോ പോൾ വിശദീകരിച്ചു. ലഭ്യമായ തെളിവുകളെല്ലാം ശേഖരിച്ചിട്ടുണ്ട്. രണ്ടാം തീയതി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും മുകേഷിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.
ALSO READ: ലൈംഗിക ആരോപണം; മുകേഷ് എംഎൽഎയുടെ രാജി നാളെ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യില്ല
കോടതിയിൽ ഹാജരാക്കേണ്ട തെളിവുകൾ കൈമാറിയിട്ടുണ്ട്. സത്യം തെളിയിക്കുന്നതിന് വേണ്ടി ഏത് അന്വേഷണത്തോടും സഹകരിക്കും. ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അഡ്വ. ജിയോ പോൾ പറഞ്ഞു. സത്യം പുറത്തുവരും, ശാശ്വതമായ സമാധാനം വരും. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് മുകേഷിനോട് പറഞ്ഞിട്ടില്ലെന്നും എന്നാൽ പ്രതികരണം വളച്ചൊടിക്കപ്പെടും എന്ന് ഭയപ്പെടുന്നതായും ജിയോ പോൾ വ്യക്തമാക്കി. ലഭ്യമായ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കും. നടന്നത് ബ്ലാക്ക് മെയിലിംഗാണെന്നും, ഇ മെയിലിനകത്ത് കൂടുതൽ വിശദാംശങ്ങൾ ഉള്ളതായും, പണം ആവശ്യപ്പെട്ട വാട്സ്ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെ തെളിവായി സമർപ്പിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ലൈംഗികാരോപണങ്ങൾ ഉയർന്നതോടെ മുകേഷിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ മുകേഷിന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുകേഷ് താമസിക്കുന്ന തിരുവനന്തപുരം കുമാരപുരത്തെ വീട്ടിനു മുന്നിൽ വൻ പൊലീസ് സന്നാഹമാണ് നിലവിലുള്ളത്.
എന്നാൽ മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് ഉടനെ സിപിഎം കടക്കില്ലെന്നും സംസ്ഥാന കമ്മിറ്റിയുടെ അജണ്ടയിൽ ഈ വിഷയം ഇല്ലെന്നും സിപിഎം വ്യക്തമാക്കി. മുകേഷ് തൽക്കാലം രാജി വെക്കേണ്ടതില്ലെന്ന് വ്യാഴാഴ്ച ചേർന്ന സിപിഎം അവൈലബിൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ ധാരണയായെങ്കിലും, സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നില്ല. മുകേഷ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ച സാഹചര്യവും, പരാതിക്കാരി തന്നെ ബ്ലാക്ക്മെയിൽ ചെയ്തതിന്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്ന് വ്യക്തമാക്കിയതും പരിഗണിച്ചാണ് ഉടനടി രാജി സംബന്ധിച്ചുള്ള ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാട് സിപിഎം നേതൃത്വം എടുത്തത്.