മുംബൈ ബിഎംഡബ്ല്യു കാറപകടം: ഒളിവിലായിരുന്ന ശിവസേനാ നേതാവിൻ്റെ മകൻ അറസ്റ്റിൽ

ഷായുടെ അമ്മയും രണ്ട് സഹോദരിമാരുമടക്കം 12 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്
അപകടത്തിന് കാരണമായ ബിഎംഡബ്ല്യു കാർ, മിഹിര്‍ ഷാ
അപകടത്തിന് കാരണമായ ബിഎംഡബ്ല്യു കാർ, മിഹിര്‍ ഷാ
Published on

മുംബൈ വര്‍ളിയില്‍ അമിത വേഗതയില്‍ എത്തിയ ശിവസേനാ നേതാവിന്റെ ബിഎംഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിലെ മുഖ്യപ്രതി മിഹിര്‍ ഷാ അറസ്റ്റിൽ. അപകടം നടന്ന് 72 മണിക്കൂറുകള്‍ക്ക് ശേഷമാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഷായുടെ അമ്മയും രണ്ട് സഹോദരിമാരുമടക്കം 12 പേര്‍ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. അമ്മയും സഹോദരിമാരും ചേര്‍ന്നാണ് ഷായെ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന സംശയത്തിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അപകടം നടന്ന് 72 മണിക്കൂറുകള്‍ക്ക് ശേഷമാണ് മിഹിര്‍ ഷായുടെ അറസ്റ്റ്. മഹാരാഷ്ട്രയിലെ പാല്‍ഗാര്‍ ജില്ലയിലെ ഏക്നാഥ് ഷിന്‍ഡെ വിഭാഗം ഉപനേതാവായ രാജേഷ് ഷായുടെ മകനാണ് മിഹിര്‍ ഷാ.

ജൂഹുവിലെ ഗ്ലോബല്‍ തപസ് എന്ന ബാറില്‍ നിന്നും 18,730 രൂപയ്ക്ക് മദ്യപിച്ച ശേഷം, തിരികെ പോകുന്നതിനിടെ വര്‍ളിയിൽ എത്തിപ്പോള്‍ മിഹിര്‍ കാര്‍ ഓടിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു എന്ന് ഡ്രൈവര്‍ രാജ്‌റുഷി ബിദാവതിന്‍റെ മൊഴിയുണ്ട്. മിഹിര്‍ ഷാ ഡ്രൈവിങ് ഏറ്റെടുത്തതിന് പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തില്‍ ഇരുചക്ര വാഹന യാത്രക്കാരി കാവേരി നഖ്വ മരിക്കുകയും, ഭര്‍ത്താവ് പ്രദീപിന് പരുക്കേൽക്കുകയും ചെയ്തു. മിഹിര്‍ ഷായുടെ അറസ്റ്റിന് മുന്‍പ് തന്നെ ജൂഹുവിലെ ഗ്ലോബല്‍ തപസ് ബാര്‍ അധികൃതര്‍ സീല്‍ ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com