
മുംബൈയിൽ നിയന്ത്രണം വിട്ട നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ച് വൻ അപകടം. ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപമാണ് അപകടമുണ്ടായത്. 110 ഓളം പേർ സഞ്ചരിച്ചിരുന്ന യാത്രാ ബോട്ടിലേക്ക് നിയന്ത്രണം വിട്ട സ്പീഡ് ഇടിച്ചുകയറുകയായിരുന്നു. നാവികസേനാ ഉദ്യോഗസ്ഥനും സ്പീഡ് ബോട്ടിലെ രണ്ട് മെക്കാനിക്കൽ ജീവനക്കാരും ഉൾപ്പെടെ അപകടത്തിൽ 13 പേർ മരിച്ചു.
അപകടത്തിൽപെട്ട മൂന്ന് പേരുടെ നില ഗുരുതരമാണ്. ബാക്കി 94 പേരെ രക്ഷപ്പെടുത്തി. സമീപത്ത് തന്നെയുണ്ടായിരുന്ന ചെറു ബോട്ടുകളും കപ്പലുകളും അതിവേഗം ദുരന്തസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ബോട്ടിലിരുന്ന് ആരോ പകർത്തിയ അപകടത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
സ്പീഡ് ബോട്ടിൽ അഞ്ച് പേരോളം ഉണ്ടായിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് മനസിലാകുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.