മുംബൈയെ സ്തംഭിപ്പിച്ച് മഴ കനക്കുന്നു; 12 ദിവസം നേരത്തെ കാലവർഷമെത്തി, ട്രെയിന്‍-വിമാന സർവീസുകള്‍ തടസപ്പെട്ടു

മെയ് മാസത്തിൽ കൊളാബ മേഖലയില്‍ 295 മില്ലിമീറ്റർ മഴ പെയ്തതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് രേഖകൾ പറയുന്നത്
മുംബൈയെ സ്തംഭിപ്പിച്ച് മഴ കനക്കുന്നു; 12 ദിവസം നേരത്തെ കാലവർഷമെത്തി, ട്രെയിന്‍-വിമാന സർവീസുകള്‍ തടസപ്പെട്ടു
Published on

ഇന്നലെയും ഇന്നുമായി പെയ്ത അതിതീവ്ര മഴയിൽ മുംബൈ ന​ഗരം സ്തംഭിച്ചു. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാകുകയും ഗതാഗത, വിമാന സർവീസുകൾ തടസപ്പെടുകയും ചെയ്തു. ഇത്തവണ 12 ദിവസം നേരത്തെയാണ് മുംബൈയില്‍ കാലവർഷം എത്തിയിരിക്കുന്നത്.  35 വർഷത്തിനിടെ ആദ്യമായാണ് കാലവർഷം നേരത്തെ എത്തുന്നത്. 1990ൽ മെയ് 20ന് കാലവർഷമെത്തിയിരുന്നു. മെയ് മാസത്തിലെ സർവകാല റെക്കോഡ് മഴയുമാണ് ഇത്തവണ നഗരത്തില്‍ പെയ്തത്.

മെയ് മാസത്തിൽ കൊളാബ മേഖലയില്‍ 295 മില്ലിമീറ്റർ മഴ പെയ്തതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് രേഖകൾ പറയുന്നത്. 1918 മെയ് മാസത്തിൽ രേഖപ്പെടുത്തിയ 279.4 മില്ലിമീറ്റർ എന്ന മുൻ റെക്കോഡാണ് തകർന്നത്. ഇതുവരെ മുംബൈയിൽ (സാന്താക്രൂസ് ഒബ്സർവേറ്ററി) രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ മഴ 2005 ജൂലൈ 27 ന് 944 മില്ലിമീറ്ററാണ്.


കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കനുസരിച്ച്, ഇന്ന് രാവിലെ ആറിനും ഏഴിനും ഇടയിൽ മുംബൈയിലെ നരിമാൻ പോയിന്റ് ഭാഗങ്ങളില്‍ 40 മില്ലിമീറ്ററും, ഗ്രാൻഡ് റോഡിൽ 36 മില്ലിമീറ്ററും, കൊളാബയിൽ 31 മില്ലിമീറ്ററും, ബൈക്കുളയിൽ 21 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. മുംബൈയുടെ കിഴക്കൻ, പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ ഇന്ന് നേരിയ മഴ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുർള, സിയോൺ, ദാദർ, പരേൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെയാണ് കനത്ത മഴ സാരമായി ബാധിച്ചത്.

അതിശക്തമായ മഴയെ തുടർന്ന്, മുംബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളിൽ ചിലത് നിർത്തിവെച്ചിരിക്കുകയാണ്. എയർ ഇന്ത്യയും സ്പൈസ് ജെറ്റും ഇത് സംബന്ധിച്ച നിർദേശങ്ങൾ യാത്രക്കാർക്കായി പുറപ്പെടുവിച്ചു. തുടർച്ചയായ മഴയിൽ റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനാൽ സബർബൻ ട്രെയിൻ സർവീസുകളും വൈകിയാണ് ഓടുന്നത്. അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ വൈകിയാണ് പല സർവീസുകളും ആരംഭിച്ചത്. എന്നാൽ യാത്രാസംവിധാനം സാധാരണ നിലയിലായി എന്നാണ് അധികൃതർ അറിയിക്കുന്നത്.

മുംബൈ കൂടാതെ താനെ, പാൽഘർ ജില്ലകളിലും ദിവസം മുഴുവൻ കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഈ പ്രദേശങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അടുത്ത മൂന്ന് മുതൽ നാല് മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലുടനീളം മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com