തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; സ്ഥിരീകരിച്ച് എന്‍ഐഎ

യുഎസ്സില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് റാണയെ ഡല്‍ഹിയില്‍ എത്തിച്ചത്
തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചു; സ്ഥിരീകരിച്ച് എന്‍ഐഎ
Published on

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചതായി സ്ഥിരീകരിച്ച് എന്‍ഐഎ. യുഎസ്സില്‍ നിന്ന് ഗള്‍ഫ് സ്ട്രീം A0J 96 M എന്ന പ്രത്യേക വിമാനത്തിലാണ് റാണയെ ഡല്‍ഹിയില്‍ എത്തിച്ചത്. ഇവിടെ വെച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തു.

റാണയെ തിഹാര്‍ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. തുടര്‍ന്ന് ആദ്യം ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ ശേഷം വിചാരണയ്ക്കായി മുംബൈയിലേക്ക് മാറ്റുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഐഎ ആസ്ഥാനത്ത് എത്തിച്ച ശേഷം വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും റാണയെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി വിജയകുമാര്‍ യാദവിന് മുന്നില്‍ ഹാജരാക്കുക. ഡല്‍ഹി ആസ്ഥാനത്ത് റാണയെ ചോദ്യം ചെയ്യും.


മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകനായ റാണയ്‌ക്കെതിരെ കുറ്റകരമായ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ പ്രകാരം യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത്. 

2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്‌കര്‍ ബന്ധമുള്ള റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ 2023 മേയ് 18 ന് യുഎസ് തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിവിധ ഫെഡറല്‍ കോടതികളില്‍ റാണ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 2024 നവംബറില്‍ റാണ യുഎസ് പരമോന്നത കോടതിയെ സമീപിച്ചു. അപ്പീല്‍ സുപ്രിംകോടതി തള്ളിയതോടെയാണ് ഇന്ത്യയിലേക്കുള്ള വഴി തുറന്നത്.

റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ 2025 ജനുവരി 25 ന് യുഎസ് കോടതി അനുമതിയും നല്‍കിയതിന് പിന്നാലെ പാക് വംശജനായ ഈ കനേഡിയന്‍ പൗരനെ ഇന്ത്യക്ക് വിട്ടു നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് റാണ അടിയന്തര അപേക്ഷ നല്‍കിയെങ്കിലും യുഎസ് സുപ്രീം കോടതി ഇതും തള്ളിയിരുന്നു.

റാണയെ ഇന്ത്യയിലെത്തിക്കുന്നതിനു മുന്നോടിയായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റാണയെ ഇന്ത്യയിലെത്തിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രത്തിന്റെ വിജയമാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഡാനിഷ് പത്രം ജൈലന്‍ഡ് പോസ്റ്റന്‍ ഓഫിസുകള്‍ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട 63 കാരനായ റാണ വര്‍ഷങ്ങളായി ലൊസാഞ്ചലസിലെ ജയിലിലായിരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും ഈ കേസില്‍ അറസ്റ്റിലായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com