
മുനമ്പം ഭൂമി വിഷയത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മീഷന് നിയമ സാധുത ഇല്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി. ഭൂപ്രശ്നത്തിൽ തീരുമാനം എടുക്കേണ്ടത് വഖഫ് ബോർഡും ട്രിബ്യൂണലുമാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് വിധി പറഞ്ഞത്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സർക്കാർ അറിയിച്ചു.
മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരായ വഖഫ് സംരക്ഷണ വേദിയുടെ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പ്രസക്തമായ വസ്തുതകൾ പരിഗണിക്കാതെയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ നിയമന ഉത്തരവ് റദ്ദാക്കണമെന്നുമാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ നിരീക്ഷണം. മുൻ കോടതി ഉത്തരവുകളും വിഷയ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലും നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് എന്ത് അധികാരത്തിലാണെന്ന് നേരത്തെ കോടതി വാക്കാൽ സംശയം ഉന്നയിച്ചിരുന്നു.
വിഷയത്തിൽ പ്രതികരിക്കേണ്ടത് താനല്ല, സർക്കാരാണെന്നായിരുന്നു ജുഡീഷ്യൽ കമ്മീഷൻ മേധാവി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ പ്രതികരണം. കമ്മീഷൻ കോടതി വിധി അനുസരിക്കും. ട്രിബ്യൂണൽ അധികാരങ്ങളൊന്നും സർക്കാർ കമ്മീഷന് നൽകിയിട്ടില്ല. കമ്മീഷന് വ്യക്തിപരമായ താൽപര്യങ്ങൾ ഇല്ലെന്നും തുടർ നടപടികൾ സർക്കാർ തീരുമാനിക്കുമെന്നും രാമചന്ദ്രൻ നായർ വ്യക്തമാക്കി.
കമ്മീഷൻ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത് ഹർജി വന്നപ്പോൾ തന്നെ തുടർ നടപടികൾ നിർത്തിവെച്ചിരുന്നു. വിധി അംഗീകരിക്കണോ, ഹർജി നൽകണോ എന്നതിൽ സർക്കാർ തീരുമാനമെടുക്കും. കമ്മീഷൻ ആവശ്യമില്ലെന്ന് കോടതി പറഞ്ഞ സാഹചര്യത്തിൽ റിപ്പോർട്ട് നൽകില്ല. ജനങ്ങളുടെ പ്രശ്നവും ഭാവി കാര്യങ്ങളും ചിന്തിക്കേണ്ടത് സർക്കാരാണെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾ കമ്മീഷൻ പറയേണ്ടതില്ലെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.
വഖഫ് സംരക്ഷണ വേദിയുടെ ഹർജി നിലനിൽക്കില്ലെന്ന വാദമായിരുന്നു സർക്കാരിൻ്റേത്. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അർഹരായവരോ അല്ല ഹർജിക്കാർ. മുനമ്പം ഭൂമി വിഷയത്തിൽ വസ്തുതാന്വേഷണമാണ് നടക്കുന്നതെന്നും ഇതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ അധികാരമുണ്ടെന്നുമാണ് സർക്കാർ വാദം.
അതേസമയം മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനമാണെന്നുമാണ് ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്ന കോഴിക്കോട് ഫാറൂഖ് കോളജിന്‍റെ വാദം. ഫാറൂഖ് കോളജ് അധികൃതരിൽ നിന്ന് വാങ്ങിയ ഭൂമിയാണ് തങ്ങളുടേതെന്നും വഖഫ് ഭൂമി അല്ലെന്നും ഭൂമിയിൽ അവകാശമുന്നയിക്കുന്നവരും വാദിച്ചിരുന്നു.